ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷോയ്‌ബ് മാലികിന്റെ ഭാര്യയായ ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയെ തെലങ്കാനയുടെ ബ്രാന്റ് അംബാസഡർ പദവിയിൽ നിന്ന് നീക്കണമെന്ന് ബിജെപി എംഎൽഎ.  ‘പാക്കിസ്ഥാന്റെ മരുമകളാ’യ സാനിയയെ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ടി രാജാ സിങ് ആവശ്യപ്പെട്ടത്.

തെലങ്കാനയിലെ ഏക ബിജെപി എംഎൽഎയാണ് ഇദ്ദേഹം. സാനിയയെ 2014 ജൂലൈയിലാണ് തെലങ്കാനയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചത്. ജമ്മു കാശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ പ്രസ്താവന.

“പാക്കിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും ഇന്ത്യ പുനഃപരിശോധിക്കുന്ന സമയത്ത്, പാക്കിസ്ഥാന്റെ മരുമകളായ സാനിയ മിർസ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡറായി  തുടരുന്നത് ശരിയല്ല,” രാജാ സിങ് പറഞ്ഞു.

എന്നാൽ പുൽവാമ ആക്രമണത്തിൽ ശക്തമായി അപലപിച്ച് സാനിയ ട്വീറ്റ് ചെയ്തിരുന്നു. ആദ്യം സാനിയ പോസ്റ്റ് ചെയ്ത കുറിപ്പിൽ പാക്കിസ്ഥാനെതിരെ പരാമർശം ഉണ്ടായില്ലെന്ന കാരണത്തെ തുടർന്ന് വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. തുടർന്ന് വിശദമായ കുറിപ്പെഴുതിയ സാനിയ ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനം പുലർന്നെങ്കിലെന്ന തന്റെ ആഗ്രഹം മറച്ചുവച്ചിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook