ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം നേതൃത്വം നൽകുന്ന ബഹുജൻ ലെഫ്റ്റ് ഫ്രണ്ടിന്റെ സ്ഥാനാർത്ഥിയെ കാണാനില്ല. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിക്കുന്ന ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ചന്ദ്രമുഖി മുവ്വലയെയാണ് കാണാതായത്.
മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വലയെ ഇന്നലെ രാവിലെ വീട്ടിൽ നിന്നാണ് കാണാതായത്. പ്രചാരണത്തിനിറങ്ങാനായി ചന്ദ്രമുഖിയെ തേടിയെത്തിയ സുഹൃത്തുക്കളാണ് ഈ വിവരം പുറത്തറിയിച്ചത്. തിങ്കളാഴ്ച പ്രചാരണത്തിന് ശേഷം രാത്രി വൈകിയാണ് ഇവർ വീട്ടിലെത്തിയത്. ചൊവ്വാഴ്ച രാവിലെ ഒരു സംഘം ആളുകൾക്കൊപ്പം ഇവർ പുറത്തേക്ക് പോയി. പിന്നീട് ആർക്കും ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തുമ്പുണ്ടാക്കാനാണ് പൊലീസ് ശ്രമം. ഹൈദരാബാദിന് അടുത്തുളള ഗോഷാമഹല്‍ മണ്ഡലത്തില്‍ നിന്നാണ് ചന്ദ്രമുഖി ജനവിധി തേടുന്നത്. ബിജെപി എംഎല്‍എ രാജ സിങ്ങാണ് ചന്ദ്രമുഖിയുടെ മുഖ്യ എതിരാളി.
വിദ്വേഷ പ്രസംഗത്തിലൂടെ ശ്രദ്ധ നേടിയ രാജ സിങ്ങിനെതിരെ ചന്ദ്രമുഖിയുടെ സ്ഥാനാര്‍ത്ഥിത്വം വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി തമിനേനി വീരഭദ്രമാണ് സ്ഥാനാര്‍ത്ഥിപ്പട്ടികയിൽ ചന്ദ്രമുഖിയുടെ പേര് പുറത്തുവിട്ടത്. ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണി ശക്തമായ പ്രചാരണ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തിവരുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ട്രാൻസ്ജെനഡർ വിഭാഗത്തിൽ നിന്ന് നിയമസഭയിലേക്ക് സ്ഥാനാർത്ഥിയുണ്ടാവുന്നത്.