കൊച്ചി : അയോധ്യയില്‍ രാമക്ഷേത്ര പ്രശ്നം പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറുമെന്ന വിവാദപരാമര്‍ശത്തിന് പിന്നാലെ ആത്മീയ നേതാവായ ശ്രീ ശ്രീ രവിശങ്കര്‍ ഒരു അഭിമുഖത്തില്‍ നിന്നും പ്രകോപിതനായി ഇറങ്ങിപ്പോയി മറ്റൊരു വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. അയോധ്യയുമായി ബന്ധപ്പെട്ട തന്‍റെ നിലപാട് വിശദീകരിക്കുന്നതിനിടയിലാണ്  ശ്രീ ശ്രീ രവിശങ്കര്‍ ഇറങ്ങിപ്പോയത്. ‘ദി വയറി’ലെ അര്‍ഫാ ഖാനും ഷേര്‍വാണിയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംഭവം.

‘അയോധ്യാ പ്രശ്നം കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ ശ്രമിക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ആര്‍എസ്എസ്സിന്‍റെ നിലപാടാവര്‍ത്തിക്കുകയല്ലേ താങ്കള്‍?’ എന്ന ചോദ്യമാണ് ആത്മീയ ഗുരുവിനെ പ്രകോപിപ്പിച്ചത്.

“മുസ്ലീംങ്ങള്‍ക്ക് അയോധ്യയില്‍ അവകാശമില്ല എന്ന് താങ്കള്‍ പറഞ്ഞിരുന്നു ഇത് സാര്‍വര്‍ക്കറിന്‍റെ നിലപാടുമായ് ചേര്‍ന്ന് നില്‍ക്കുന്നതാണ്…”, വിവാദപരാമര്‍ശത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തക ചോദ്യം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് രവിശങ്കര്‍ അഭിമുഖം തുടരുന്നതിനുള്ള വിമുഖത പ്രകടിപ്പിക്കുകയും അദ്ദേഹത്തിന്‍റെ അനുയായികള്‍ ഇടപെട്ട് ക്യാമറ ഓഫ് ചെയ്യുകയും ചെയ്തു. “നിങ്ങള്‍ അദ്ദേഹത്തിന് ബഹുമാനം നല്‍കി സംസാരിക്കണം” ആത്മീയ ഗുരുവിന്‍റെ അനുയായിയായ സ്ത്രീ ആര്‍ഫയോട് ആവശ്യപ്പെട്ടു.

അഭിമുഖം പുനരാരംഭിച്ചപ്പോള്‍ ചോദ്യകര്‍ത്താവ് ‘ആര്‍എസ്എസ്- ബിജെപി എന്നിവരുമായ് നിങ്ങള്‍ യോജിക്കുന്നുണ്ടോ?’ എന്ന് ചോദിച്ചു. അതോടെ രവിശങ്കര്‍ അഭിമുഖം അവസാനിപ്പിക്കുകയായിരുന്നു.

ആര്‍ഫയുടെ അടുത്തത്തിയ അദ്ദേഹത്തിന്‍റെ അനുയായി “നിങ്ങള്‍ പോസിറ്റീവായ കാര്യങ്ങളില്‍ കേന്ദ്രീകരിക്കണം” എന്ന് ആവശ്യപ്പെടുന്നതായും കാണാം. അയോധ്യാ വിഷയത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ നടത്തിയ പ്രതികരണം ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മതവികാരം വൃണപ്പെടുത്തി എന്ന പേരില്‍ അദ്ദേഹത്തിനെതിരെ കേസും എടുത്തിട്ടുണ്ട്.

“വളരെ നല്ല രീതിയില്‍ തന്നെ മുസ്ലിംങ്ങള്‍ അയോധ്യയ്ക്ക് മേലുളള അവകാശവാദം ഉപേക്ഷിക്കണം. അയോധ്യ എന്ന് പറയുന്നത് നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനുളള ഇടമല്ല. അത് മനസ്സിലാക്കി പെരുമാറണം. ഇല്ലെങ്കില്‍ ഇന്ത്യ മറ്റൊരു സിറിയ ആയി മാറും”, എന്നാണ് ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞത്.

അയോധ്യ തര്‍ക്കം കോടതിക്ക് പുറത്ത് തീര്‍ക്കാനായി കഴിഞ്ഞ അഞ്ച് വര്‍ഷമായി രവിശങ്കര്‍ ശ്രമം നടത്തുന്നുണ്ട്. അയോധ്യ, ബെംഗളൂരു, ലക്‌നൗ, ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയിടത്തെ 500ഓളം നേതാക്കളുമായി ഇതുമായ് ബന്ധപ്പെട്ട് രവിശങ്കര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്.

ആത്മീയ ഗുരുവിന്‍റെ അസഹിഷ്ണുതയെ കളിയാക്കിക്കൊണ്ട് ട്വിറ്ററില്‍ ധാരാളം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. #Artofleaving എന്ന ഹാഷ്ടാഗിലാണ് പോസ്റ്റുകള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ