ന്യൂഡൽഹി: ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സൈബർ ആക്രമണം സൈബർ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കിയതായി ഉന്നത സർക്കാർ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. മറ്റു നഗരങ്ങളിലെ എയിംസ് സൗകര്യങ്ങളിലും നെറ്റ്വർക്കുമായി ബന്ധിപ്പിച്ചിട്ടുള്ള കൂടുതൽ ആശുപത്രികളിലും ഹാക്കിങ് ഉണ്ടാകുമോയെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഏതൊക്കെ എയിംസ് യൂണിറ്റുകളിൽ അല്ലെങ്കിൽ ആശുപത്രികളിൽ സൈബർ ആക്രമണ സാധ്യതയുണ്ടെന്ന് മനസിലാക്കാൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിന്റെ (CERT-IN) നേതൃത്വത്തിലുള്ള ഒന്നിലധികം സൈബർ സുരക്ഷാ ഏജൻസികൾ നെറ്റ്വർക്ക് ലോഗുകൾ പരിശോധിക്കുന്നുണ്ട്. ഹാക്കിങ്ങിന് സാധ്യതയുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നുവെങ്കിലും, മറ്റ് നഗരങ്ങളിലെ പ്രവർത്തനത്തെ ബാധിച്ചതായി ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല.
എയിംസ്-ഡൽഹിയിൽ ഏകദേശം 100 സെർവറുകളുടെ ഒരു വലിയ ശൃംഖലയുണ്ട്. ഇതൊരു വിൻഡോസ് സെർവറാണ്. നവംബർ 23 നാണ് ഹാക്കർമാർ സെർവറുകൾ ഹാക്ക് ചെയ്തത്. ഇതിനുപിന്നാലെ നടന്ന അന്വേഷണത്തിൽ ഡൽഹി എയിംസ് 2007 ലെ വിൻഡോസ് പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. എയിംസിനും മറ്റ് ആശുപത്രികൾക്കുമായി ഒരു ‘മോഡൽ’ കമ്പ്യൂട്ടർ ആർക്കിടെക്ചർ സൃഷ്ടിക്കാൻ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) നീക്കം തുടങ്ങിയിട്ടുണ്ട്.
ഡൽഹി എയിംസിലെ ചില സെർവറുകൾ ഹാക്ക് ചെയ്തത് മറ്റൊരു രാജ്യത്ത് നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ നേരത്തെ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു. സൈബർ ആക്രമണം നടന്നത് ഇന്ത്യയ്ക്കു പുറത്തുനിന്നാണ്. വിദേശ ആക്രമണം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
നവംബർ 23 ന് ഉച്ചയ്ക്ക് 2.43 ആണ് സൈബർ ആക്രമണം നടന്നത്. എയിംസിന്റെ അഞ്ചോളം സെർവറുകളിലേക്കും അവയിലെ എൻക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്കും ഹാക്കർമാർ പ്രവേശനം നേടി. സെർവറുകളിലെ ഡാറ്റ അവർ എൻക്രിപ്റ്റ് ചെയ്തുകഴിഞ്ഞാൽ, അതിനർത്ഥം എയിംസിന് ഇനി അതിലേക്ക് ആക്സസ് ഇല്ലെന്നാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള കോടിക്കണക്കിന് രോഗികളുടെ വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്. ഏകദേശം 3-4 കോടി രോഗികളുടെ രേഖകൾ അപഹരിക്കപ്പെട്ടതായി സംശയിക്കുന്നുണ്ട്.