ന്യൂഡൽഹി: ഹരിയാനയില്‍ ഐഎഎസ് ഓഫീസറുടെ മകളെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ വികാസ് ബരേല പിന്തുടര്‍ന്ന് അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തി ഹരിയാന ബിജെപി വൈസ് പ്രസിഡന്റ് രാംവീര്‍ ഭട്ടി.
ആ പെണ്‍കുട്ടി രാത്രി 12 മണിക്കാണ് അവര്‍ പുറത്തിറങ്ങിയത്. എന്തിന് വേണ്ടിയാണ് ഇത്രയും വൈകി അവര്‍ വാഹനം എടുത്ത് പുറത്തിറങ്ങിയത്. അത്തരമൊരു അന്തരീക്ഷം ഒരിക്കലും നന്നായിരിക്കില്ല. നമ്മുടെ സുരക്ഷിതത്വം നോക്കേണ്ടത് നമ്മള്‍ തന്നെയാണ്. -ന്യൂസ് 18 ചാനലിനോട് പ്രതികരിക്കുകയായിരുന്നു ഭട്ടി.
യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ വികാസ് ബരാളയുടെ പിതാവും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ സുഭാഷ് ബരാളയ്‌ക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ മകന്‍ ചെയ്ത കുറ്റത്തിന് പിതാവിനെതിരെ നടപടി സ്വീകരിക്കേണ്ട കാര്യമില്ലെന്നായിരുന്നു ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പ്രതികരിച്ചത്. അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
അതിനിടെ വികാസ് ബരാളയ്‌ക്കെതിരെ തെളിവുകളില്ലെന്ന് പൊലീസ് പറഞ്ഞു.യുവതി യാത്ര ചെയ്ത ചണ്ഡിഗഢിലെ സെക്ടര്‍ 6 മുതല്‍ നാല് കിലോമീറ്റര്‍ പരിധിയില്‍ സ്ഥാപിച്ച സിസിടിവികള്‍ പരിശോധിച്ചതില്‍ നിന്നും യുവതിയെ പിന്തുടരുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അഞ്ചിടങ്ങളിലായി സ്ഥാപിച്ച ഒമ്പതോളം സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.