കൊളംബോ: ഈസ്റ്റ‌ർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്ഫോടന പരമ്പരകൾക്ക് പിന്നിൽ പ്രവർത്തിച്ച ചാവേറുകളില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. മഹാവേല ഗാര്‍ഡന്‍സിലെ സമ്പന്ന കുടുംബത്തില്‍ ജനിച്ച ഇരുവരും ചാവേറാക്രമണത്തില്‍ പ്രധാന പങ്ക് വഹിച്ചവരാണ്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം കൊളംബോയിലെ അതിസമ്പന്നമായ ഒരു കുടുംബത്തിലേക്കാണ് പൊലീസിനെ കൊണ്ടെത്തിച്ചത്. ഇൽഹാം ഇബ്രാഹിം, ഇൻഷാഫ് എന്ന സഹോദരന്മാരായിരുന്നു ചാവേറുകളായ ഏഴ്പേരിൽ രണ്ടുപേർ. ഇവരിലൊരാൾ ഇംഗ്ലണ്ടിലും, ഓസ്ട്രേലിയയിലും വിദ്യാഭ്യാസം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി.

33കാരനായ ഇന്‍ഷാഫ് ഒരു ഫാക്ടറി ഉടമയാണ്. ആഡംബര ഹോട്ടലായ ഷാങ് റി ലാ ഹോട്ടലിലലാണ് ഇയാള്‍ ചാവേറായി പൊട്ടിത്തെറിച്ചത്. ഇവരുടെ കുടുംബത്തിന്റെ വീട് റെയ്ഡ് ചെയ്യാനായി പൊലീസ് എത്തിയപ്പോള്‍ ഇല്‍ഹാം സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

Read: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര: ഇസ്‌ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്തം ഏറ്റെടുത്തു

എട്ടു ചാവേറുകളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൂട്ടത്തിൽ ഒരാൾ സ്ത്രീയാണ്. ഒരാളെ കൂടി തിരിച്ചറിയാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടനങ്ങൾ നടക്കുന്നതിന് ഏതാനും സമയം മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പൊലീസിന് കൂടുതൽ തെളിവുകൾ ലഭിച്ചത്.

തോളിൽ ഒരു ബാഗുമായി നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻൻ കത്തീഡ്രലിലേക്ക് വളരെ ലാഘവത്തോടെ നടന്നു കയറിയ വ്യക്തി അവിടെ നിന്ന ഒരു പിഞ്ചു കുഞ്ഞിന്റെ തലമുടിയിൽ തഴുകിയ ശേഷം നേരെ പള്ളിക്കകത്തു ചെന്ന് തന്റെ ബാഗിൽ നിറച്ചിരുന്ന സ്ഫോടകവസ്തുക്കൾ ട്രിഗർ ചെയ്ത് പൊട്ടിത്തെറിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook