ചെന്നൈ: മുൻമുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം.കരുണാനിധിയുടെ മൃതദേഹം ചെന്നൈ മറീനാ ബീച്ചിൽ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കാവേരി ആശുപത്രിക്ക് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം. എന്നാൽ മറീന ബീച്ചിൽ സ്ഥലം അനുവദിക്കാൻ ആകില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതോടെ സ്ഥലത്ത് പ്രവര്‍ത്തകര്‍ കോപാകുലരായി പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു. കരുണാനിധിയുടെ ഗുരുവും മുന്‍മുഖ്യമന്ത്രിയുമായ അണ്ണാദുരൈയുടെ സമീപം സംസ്കരിക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.

മറീന ബീച്ചില്‍ സമാധി ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതാക്കൾ മുഖ്യമന്ത്രി അടക്കമുള്ളവരെ കണ്ടെങ്കിലും സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. നിലവിൽ ഗിണ്ടി ഗാന്ധിമണ്ഡപത്തിൽ നാളെ മൃതദേഹം സംസ്കരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി രണ്ട് ഏക്കർ സ്ഥലം ഗാന്ധിമണ്ഡപത്തിന് സമീപം അനുവദിച്ചിട്ടുണ്ട്. ഡിഎംകെയുടെ സമ്മതത്തോടെയാണോ സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല. ഇതിനെ കുറച്ച് ഡിഎംകെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അണ്ണാ സ്ക്വയറില്‍ മുന്‍മുഖ്യമന്ത്രിമാരെ അടക്കം ചെയ്തിട്ടില്ലെന്നാണ് അനുമതി നിഷേധിച്ച് പളനിസ്വാമി പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മരണപ്പെട്ടവരെ മാത്രമാണ് അണ്ണാ സ്ക്വയറില്‍ അടക്കം ചെയ്തിട്ടുളളത്. അണ്ണാദുരൈ, എംജിആര്‍, ജയലളിത എന്നിവരൊക്കെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കെ മരിച്ചവരാണ്. മുന്‍മുഖ്യമന്ത്രിമാരായ കെ.കാമരാജ്, രാജാജി എന്നിവര്‍ക്ക് സമാധി ഒരുക്കിയത് ഗാന്ധി മണ്ഡപത്തിലാണെന്നും പളനിസ്വാമി ചൂണ്ടിക്കാട്ടുന്നു.


ഡിഎംകെ പ്രവര്‍ത്തകരുടെ ആവശ്യത്തെ പിന്തുണച്ച് രജനീകാന്തും മുന്നോട്ട് വന്നു

അതേസമയം, കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോയി. അവിടെ ഒരു മണിവരെ പൊതുദർശനത്തിന് വയ്ക്കും. പിന്നാലെ സിഐടി കോളനിയിൽ മൂന്നുമണിവരെയും അതിന് ശേഷം നാല് മണിയോടെ രാജാജി നഗറിലും മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook