Solar eclipse (സൂര്യഗ്രഹണം) 2023: വീണ്ടുമൊരു സൂര്യഗ്രഹണത്തിന് ലോകം സാക്ഷിയായി. നിംഗലൂ എക്ലിപ്സ് എന്ന് വിളിക്കപ്പെടുന്ന ഒരു “ഹൈബ്രിഡ്” സൂര്യഗ്രഹണം അങ്ങനെ അവസാനിച്ചിരിക്കുകയാണ്. അത് എവിടെയാണ് ദൃശ്യമായത്, ഏത് സമയത്താണ് സംഭവിച്ചത്, എങ്ങനെ വീണ്ടും കാണാനാകും എന്നറിയാം.
നിംഗലൂ എക്ലിപ്സിനെ ഹൈബ്രിഡ് സൂര്യഗ്രഹണം എന്നും വിളിക്കുന്നുണ്ട്. കാരണം ലോകത്തിന്റെ ചില ഭാഗങ്ങളിൽ പൂര്‍ണ സൂര്യഗ്രഹണമായും ചില സ്ഥലങ്ങളില്‍ വലയ സൂര്യഗ്രഹണമായും ദൃശ്യമാകുന്ന സൂര്യ ഗ്രഹണങ്ങളെയാണ് ഹൈബ്രിഡ് അഥവാ സങ്കര സൂര്യഗ്രഹണം എന്ന് പറയുക. വൃത്താകൃതിയിലുള്ള ഗ്രഹണ സമയത്ത്, ചന്ദ്രൻ സൂര്യനെ പൂർണ്ണമായി മൂടുന്നില്ല. പകരം അത് സൂര്യനിന് മുകളിൽ ഒരു ചെറിയ ഇരുണ്ട ഡിസ്കായി ദൃശ്യമാകും, ഇതാണ് “അഗ്നി വലയം” പ്രഭാവം.
സൂര്യഗ്രഹണം എവിടെയൊക്കെ കാണാം
ഓസ്‌ട്രേലിയയിലെ നിംഗലൂ തീരത്ത് നിന്നാണ് ഇതിന് “നിംഗലൂ” എന്ന പേര് ലഭിച്ചത്. എന്നാൽ ഗ്രഹണത്തിന്റെ ഒരു ഭാഗവും, പൂർണമായോ ഭാഗികമായോ, ഇന്ത്യയിൽ ദൃശ്യമാകില്ല. വെസ്റ്റേൺ ഓസ്ട്രേലിയ, ഈസ്റ്റ് തിമോർ, ഈസ്റ്റേൺ ഇന്തോനേഷ്യ എന്നിവിടങ്ങളിൽ മാത്രമേ സൂര്യഗ്രഹണം ദൃശ്യമാകൂ.
എന്നാൽ ലൈവ് സ്ട്രീമിങ്ങിലൂടെ ഇത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഓസ്‌ട്രേലിയയിലെ ഒരു പ്രധാന പോയിന്റിൽ നിന്നായിരിക്കും ലൈവ് സ്ട്രീമിങ്.
സൂര്യഗ്രഹണം ദൃശ്യമാകുന്ന സമയം?
വെസ്റ്റേൺ ഓസ്‌ട്രേലിയ ഗവൺമെന്റ് പറയുന്നതനുസരിച്ച്, ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തുള്ള എക്‌സ്‌മൗത്ത് എന്ന ഒരു പട്ടണത്തിൽ മാത്രമേ പൂർണ ഗ്രഹണം ദൃശ്യമാകൂ.
എക്‌സ്‌മൗത്തിൽ നിന്ന് വീക്ഷിക്കുമ്പോൾ, ഏകദേശം മൂന്ന് മണിക്കൂറോളം ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. അസ്ട്രോണമി വെബ്സൈറ്റായ ഇൻ ദി സ്കൈ പറയുന്നതനനുസരിച്ച് സൂര്യഗ്രഹണം ഇന്ത്യൻ സമയം ഏപ്രിൽ 20 ന് രാവിലെ 7.06 ന് തുടങ്ങി ഉച്ചയ്ക്ക് 12.29വരെ നീണ്ടുനിൽക്കും.
പൂർണ ഗ്രഹണം
പൂർണ ഗ്രഹണ സമയത്ത്, സൂര്യനും നമ്മുടെ ഗ്രഹത്തിനും ഇടയിൽ സഞ്ചരിക്കുന്ന ചന്ദ്രൻ സൂര്യന്റെ വെളിച്ചം പൂർണമായും തടയും. പൂർണ ഗ്രഹണ സമയത്ത്, അതിരാവിലെയോ വൈകുന്നേരമോ ആയ പോലെ ആകാശം പൂർണമായും ഇരുണ്ടതായി മാറും.
സൂര്യഗ്രഹണത്തിന് ശേഷം ചന്ദ്രഗ്രഹണവും ഉണ്ടാകുമോ?
ഗ്രഹണങ്ങൾ സാധാരണയായി എപ്പോഴും ജോഡികളായാണ് വരുന്നത്. ഏപ്രിൽ 20 ന് നടക്കുന്ന പൂർണ സൂര്യഗ്രഹണത്തെ തുടർന്ന് മേയ് 5 ന് ഒരു പെൻബ്രൽ ചന്ദ്രഗ്രഹണം ഉണ്ടാകും. എന്നാൽ അതിൽ, സൂര്യനും ഭൂമിയും ചന്ദ്രനും അപൂർണമായി വിന്യസിച്ചിരിക്കുന്നു.