അഗര്‍ത്തല: അധികാരത്തിലേറിയതിന് പിന്നാലെ ത്രിപുരയില്‍ അക്രമം അഴിച്ചു വിട്ടിരിക്കുകയാണ് ബിജെപി. സിപിഎം പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസിനും നേരെ വ്യാപക അക്രമമാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്നത്. ബെലോണിയയിലെ ലെനിന്റെ പ്രതിമ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം വന്‍ പ്രതിഷേധത്തിനാണ് ഇടവരുത്തിയിരിക്കുന്നത്.

അതേസമയം, ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവത്തെ ന്യായീകരിക്കാന്‍ ബിജെപി നടത്തുന്നത് വ്യാജ പ്രചരണമാണ്. മുമ്പ് ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇതുപോലെ തന്നെ, രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്തിരുന്നുവെന്നാണ് ബിജെപിയുടെ വാദം. ഇതിന്റെ ചിത്രവും അവര്‍ പ്രചരിപ്പിക്കുന്നുണ്ട്.

എന്നാല്‍ ബിജെപിയുടേത് വ്യാജ പ്രചരണമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ക്കുന്ന സിപിഎം പ്രവര്‍ത്തകരെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തെലങ്കാന പ്രക്ഷോഭത്തിലേതാണ്. തെലങ്കാന സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനിടെയായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ പ്രതിമ തകര്‍ത്തത്.

നേരത്തെ, ത്രിപുര ഗവര്‍ണറാണ് രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തെ സൂചിപ്പിച്ചു കൊണ്ട് രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ലെനിന്റെ പ്രതിമ തകര്‍ത്തതുമായി കൂട്ടിയിണക്കി രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തെ സംഘപരിവാര്‍ അവതരിപ്പിക്കാന്‍ തുടങ്ങിയത്.

നേരത്തെ ആക്രമണങ്ങളെ ന്യായീകരിച്ച് ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി രംഗത്തെത്തിയിരുന്നു. ‘ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഒരിക്കല്‍ ചെയ്ത കാര്യം, ജനാധിപത്യത്തിലൂടെ തന്നെ തെരഞ്ഞെടുക്കപ്പെട്ട മറ്റൊരു സര്‍ക്കാരിന് തിരുത്താം, തിരിച്ചും’ എന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.

അതേസമയം, അക്രമം തുടരുന്ന ത്രിപുരയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. ബെലോനിയ നഗരത്തില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് പരാമര്‍ശിച്ചാണ് സിപിഎം രംഗത്ത് വന്നത്.

”ഞങ്ങളുടെ പ്രതിമകള്‍ തകര്‍ക്കാനേ നിങ്ങള്‍ക്കാവൂ, ആവേശം തല്ലിക്കെടുത്താനാകില്ല,” സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

ത്രിപുരയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കുമതെിരെ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതികരണവുമായി സിപിഎം ജനറല്‍ സെക്ട്രറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ സ്വഭാവമാണെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

‘ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ സ്വഭാവമാണ്. ആര്‍എസ്എസിന്റേയും ബിജെപിയുടേയും സ്വഭാവം തന്നെ അതാണ്.’ യെച്ചൂരി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ