ലണ്ടന്‍: ടിപ്പു സുല്‍ത്താന്റെ കൈവശം ഉണ്ടായിരുന്ന വാള്‍ എവിടെയാണെന്ന് ഇന്ന് ലോകത്ത് ഒരേയൊരാള്‍ക്ക് മാത്രമെ അറിയു. മറ്റാരുമല്ല, കോടികള്‍ തട്ടിയെടുത്ത് രാജ്യം വിട്ട മദ്യ വ്യവസായി വിജയ് മല്യയ്ക്ക് മാത്രം. എന്നാല്‍ ഈ വാള്‍ ‘ഭാഗ്യക്കേട്’ കൊണ്ടുവരുന്നെന്ന് മല്യയുടെ കുടുംബം പറഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹം വാള്‍ കൈമാറുകയായിരുന്നു. മല്യ 9,000 കോടി വായ്പയെടുത്ത ബാങ്കുകള്‍ക്ക് വേണ്ടി ലണ്ടന്‍ ഹൈക്കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഇത് സംബന്ധിച്ച വിവരം കോടതിയെ അറിയിച്ചു.

സ്വത്ത് കണ്ടുകെട്ടുന്നതിന്റെ ഭാഗമായാണ് ഇത്. 1,88,000 പൗണ്ട് (ഏകദേശം 1.8 കോടി രൂപ) വിലയാണ് വാളിനുളളത്. മല്യയുടെ ആഗോള സമ്പത്ത് മരവിപ്പിച്ച നടപടി റദ്ദാക്കരുതെന്ന് അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ആസ്തി എങ്ങനെ ഒളിപ്പിക്കാം എന്നതിന്റെ ഉദാഹരണമാണ് അപ്രത്യക്ഷമായ വാളിന്റെ കാര്യമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ബംഗലൂരുവിലെ ഒരു പ്രശസ്ത മ്യൂസിയത്തിന് മല്യ വാള്‍ നല്‍കാന്‍ സനദ്ധത അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മ്യൂസിയം അധികൃതര്‍ വാള്‍ വേണ്ടെന്ന് അറിയിച്ചതായി മല്യയുടെ മുന്‍ സഹപ്രവര്‍ത്തകന്‍ പറഞ്ഞു. എന്ത് കാരണം കൊണ്ടാണ് മ്യൂസിയം വാള്‍ വേണ്ടെന്ന് പറഞ്ഞതെന്ന് വ്യക്തമല്ല. പിന്നീട് ഈ വാള്‍ മല്യ എന്ത് ചെയ്തെന്നും വ്യക്തമല്ല.

അതേസമയം വാള്‍ തിരികെ പിടിക്കാന്‍ തങ്ങള്‍ ശ്രമം നടത്തിയിരുന്നതായി ടിപ്പുവിന്റെ ഏഴാം തലമുറ അനന്തരവകാശി ഷെബ്സാദാ മന്‍സൂര്‍ അലി പറഞ്ഞു. കുടുംബം അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പണം കൊടുത്ത് വാള്‍ തിരികെ വാങ്ങാനും ശ്രമം നടത്തി. എന്നാല്‍ ഇത് ഫലപ്രദമായില്ലെന്നും അദ്ദേഹം പറഞ്ഞു. ‘വാള്‍ എവിടെ ഉണ്ടെന്ന വിവരം പോലും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ശ്രീരംഗപട്ടണത്തുളള ടിപ്പു സ്മാരകത്തിലോ മറ്റ് ബന്ധുക്കളുടെ കൈയിലോ വാള്‍ ഏല്‍പ്പിച്ചട്ടില്ല. വാള്‍ എവിടെ ഉണ്ടെന്ന് മല്യ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല’, മന്‍സൂര്‍ അലി പറഞ്ഞു.

വാളിന്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് നിയമപരമായ രീതിയില്‍ ഇത് തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2004ലാണ് ഒരു സ്വകാര്യ ലേലത്തില്‍ മല്യ 1.5 കോടിക്ക് വാള്‍ വാങ്ങിയത്. 2004ല്‍ ജനതാ പാര്‍ട്ടി പ്രസിഡന്റ് ആയിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പിനിടെ വാള്‍ ചുഴറ്റിക്കാണിച്ചിരുന്നു. അന്ന് എല്ലാ സീറ്റുകളിലും മല്യ തോല്‍ക്കുകയായിരുന്നു.

വിജയ് മല്ല്യയുടെ കടങ്ങള്‍ മുഴുവന്‍ വീട്ടാനുള്ള ആസ്തി ഉണ്ടെന്നും അത് തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും മല്ല്യയുടെ യുബി കമ്പനി മാര്‍ച്ച്‌ 9ന് ബംഗളുരു ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. 12,400 കോടി രൂപയുടെ ആസ്തി ഉണ്ടെന്നും ആ തുക ഉപയോഗിച്ച്‌ വായ്പകള്‍ മുഴുവന്‍ തിരിച്ചടയ്ക്കുമെന്നും കമ്പനി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മല്ല്യ ഇന്ത്യയില്‍ നിന്ന് നികുതി വെട്ടിച്ച്‌ കോടികണക്കിന് രൂപ വിദേശത്തേക്ക് കടത്തിയെന്നും സിബിഐയും ആദായ നികുതി വകുപ്പും നടത്തിയ അന്വേഷണത്തില്‍ കണ്ടത്തുകയായിരുന്നു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വായ്പ എടുത്താണ് വിജയ് മല്ല്യ ബ്രിട്ടനിലേക്ക് കടന്നത്. തുടർന്ന് മല്ല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്ത്യയില്‍ വരാനും നിയമനടപടികള്‍ നേരിടാനും നിരവധി തവണ മല്ല്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ