മുംബൈ: കഴിഞ്ഞ ആഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പോസ്റ്റുണ്ടായിരുന്നു. നമോ എന്നെഴുതിയ കാവി നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന യുവാവിന്റേയും യുവതിയുടേയും ചിത്രമായിരുന്നു ആ പോസ്റ്റിലുണ്ടായിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കാരണമാണ് തങ്ങള്‍ കണ്ടുമുട്ടിയതെന്നും വിവാഹിതരായതെന്നുമായിരുന്നു പോസ്റ്റില്‍ പറഞ്ഞിരുന്നത്.

ജയ് ദേവ് എന്ന യുവാവിന്റേതായിരുന്നു പോസ്റ്റ്. രാഹുല്‍ ഗാന്ധിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ മോദിയ്ക്ക് പിന്തുണ അറിയിക്കുന്ന കമന്റ് ലൈക്ക് ചെയ്ത പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്ത കഥ ജയ് ദേവ് തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു. അടുത്ത തവണ മോദി തന്നെ അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നതായും ഇരുവരും പറയുന്നുവെന്നും പോസ്റ്റില്‍ എഴുതിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 നായിരുന്നു ഇരുവരുടേയും വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോസ്റ്റ് വൈറാലായി. എന്നാല്‍ പിന്നീട് ജയ് ദേവ് പോസ്റ്റ് ഡിലീറ്റ് ചെയ്തു. അബദ്ധത്തില്‍ ഡിലീറ്റ് ചെയ്‌തെന്നായിരുന്നു ഇതിന് ജയ് നല്‍കിയ വിശദീകരണം. ഇപ്പോഴിതാ പോസ്റ്റില്‍ പറയുന്ന പെണ്‍കുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. പക്ഷെ ജയ് പറഞ്ഞ കഥയല്ല അവള്‍ക്ക് പറയാനുള്ളത്.

അല്‍പ്പിക പാണ്ഡെ എന്ന പെണ്‍കുട്ടിയാണ് ചിത്രത്തില്‍ ജയ്‌ക്കൊപ്പമുണ്ടായിരുന്നത്. കഥയുടെ മറുവശം എന്നു പറഞ്ഞു കൊണ്ടാണ് അല്‍പ്പിക തന്റെ ഭാഗം വിശദീകരിച്ചത്. തനിക്ക് 18 വയസാണെന്നും ഭര്‍ത്താവിന് 29 വയസാണെന്നും പറഞ്ഞ അല്‍പ്പിക, തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ജയ് തന്റെ ചിത്രം പോസ്റ്റ് ചെയ്തതെന്നും സ്വന്തം പ്രശസ്തിക്കു വേണ്ടി ചിത്രം ഉപയോഗിക്കുകയായിരുന്നുവെന്നും ആരോപിക്കുന്നു.

തന്നെ ജയ് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും അതിന് അയാളുടെ കുടുംബത്തിന്റെ എല്ലാ പിന്തുണയുമുണ്ടായിരുന്നുവെന്നും അല്‍പ്പിക പറയുന്നു. പീഡനം സഹിക്ക വയ്യാതെ താന്‍ ആല്‍ഹത്യക്ക് വരെ ശ്രമിച്ചെന്നും അവര്‍ വെളിപ്പെടുത്തുന്നുണ്ട്. വീടിന് പുറത്ത് പോകാന്‍ പോലും തനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും അല്‍പ്പിക പറയുന്നു.

തന്നെ ഭര്‍ത്താവിന് സംശയമായിരുന്നുവെന്നും ബാത്ത് റൂമില്‍ കയറിയാല്‍ പോലും എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. ഫോണില്‍ എന്തെങ്കിലും ചെയ്യുകയാണെങ്കില്‍ അത് ജയ് കണ്ട് അനുവാദം നല്‍കണം. തന്റെ വികാരങ്ങളെ ജയ് ബഹുമാനിച്ചിരുന്നില്ല. തന്നോടുള്ള സ്‌നേഹം സത്യമായിരുന്നോ എന്ന് സംശയിക്കുന്നുവെന്നും അല്‍പ്പിക പറയുന്നു.

ഭക്തിയുടെ പേരില്‍ മോദി ഭക്തര്‍ ഇതാണോ ചെയ്യുന്നതെന്നും അല്‍പ്പിക ചോദിക്കുന്നു. വൈറലായ പ്രണയ കഥയുടെ മറുവശവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ