എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹായാത്രികയ്ക്കുമേല് മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി ശങ്കര്‍ മിശ്രയെ ഇന്നാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. മിശ്രയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയായണ് നിലവില്‍. കഴിഞ്ഞ നവംബറില്‍ ന്യൂയോര്‍ക്ക്-ഡല്‍ഹി വിമാനത്തില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
ആരാണ് ശങ്കര്‍ മിശ്ര?
യുഎസ് ഫിനാന്‍ഷ്യല്‍ സര്‍വിസ് കമ്പനിയായ വെല്‍സ് ഫാര്‍ഗോയിലെ ജീവനക്കാരനായിരുന്നു മിശ്ര. എന്നാല്‍ വിമാനത്തില്‍ വച്ചുണ്ടായ സംഭവത്തെ തുടര്‍ന്ന് കമ്പനി മിശ്രയെ പുറത്താക്കി. വെല്‍സ് ഫാര്ഗൊയുടെ മുംബൈയിലെ ഓഫിസിലായിരുന്നു മിശ്ര നേരത്തെ ജോലി ചെയ്തിരുന്നത്. ഇന്ത്യയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളുടെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര.
മുംബൈയിലെ കംഗാർ നഗറിലാണ് താമസം. ‘സൂരജ്’ എന്നാണ് പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി മിശ്ര ഇവിടെ താമസിക്കുന്നതായാണ് അയല്‍വാസികളില്‍ നിന്ന് ലഭിക്കുന്ന വിവരം.
ന്യൂസ്റൂംപോസ്റ്റ് പ്രകാരം ലിങ്ക്ഡ്ഇന്നിലും ‘സൂരജ് എം’ എന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന പേര്. മുംബൈയിലെ ഒരു സ്വകാര്യ സർവ്വകലാശാലയായ എസ്വികെഎമ്മിന്റെ മാർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ (എൻഎംഐഎംഎസ്) പൂർവ വിദ്യാർത്ഥിയാണ് മിശ്ര.
മിശ്രയ്ക്ക് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലെന്നാണ് നെഹ്രു നഗർ പോലീസ് പറയുന്നത്. മിശ്ര അത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏർപ്പെടുന്നത് കണ്ടിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അയൽക്കാരും പറയുന്നത്. പ്രായമായ മാതാപിതാക്കൾ, ഭാര്യ, രണ്ട് വയസുള്ള മകൾ എന്നിവർക്കൊപ്പമാണ് മിശ്ര താമസിച്ചിരുന്നത്.