കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക നിർദേശങ്ങളാണ് സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. മാർച്ച് 22 മുതൽ 29 വരെ ഇന്ത്യ വ്യോമഗതാഗതം അടച്ചിടും. അടുത്ത ഒരാഴ്ചത്തേക്കാണ് രാജ്യാന്തര കോമേർഷ്യൽ പാസഞ്ചർ വിമാനങ്ങൾക്ക് ഇന്ത്യയിൽ പ്രവേശനം അനുവദിക്കില്ല.

ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പുറത്തിറക്കിയ ഏറ്റവും പുതിയ കോവിഡ് 19 മാർഗ നിർദേശങ്ങളിങ്ങനെ.

1. മാർച്ച് 22 മുതൽ മാർച്ച് 29 വരെയുള്ള എല്ലാ അന്താരാഷ്ട്ര വാണിജ്യ പാസഞ്ചർ വിമാനങ്ങളുടെയും പ്രവേശനം ഇന്ത്യ നിരോധിച്ചു

2. അടിയന്തിര, അവശ്യ സേവനങ്ങളിൽ ജോലി ചെയ്യുന്നവരൊഴികെ സ്വകാര്യ മേഖലയിൽ വർക്ക് ഫ്രം ഹോം കർശനമാക്കണം.

3. മാർച്ച് 20 മുതൽ വികലാംഗരായ രോഗികൾ, വിദ്യാർത്ഥികൾ ഒഴികെയുള്ള ആനുകൂല്യ ടിക്കറ്റുകൾ റെയിൽ‌വേ നിർത്തലാക്കും.

4. പത്ത് വയസിന് താഴെ പ്രായമുള്ളവരും 65ന് മുകളിൽ പ്രായമുള്ളവരും വീടുകളിൽ തന്നെ തുടരണം.

5. സാനിറ്റൈസറുകൾക്കും മാസ്ക്കുകൾക്കും അധിക വില ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പഞ്ചാബിലാണ് നാലാം മരണം സ്ഥിരീകരിച്ചിരിക്കുന്നത്. കൊറോണ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. പഞ്ചാബിൽ പൊതു ഗതാഗതം നിശ്ചലമാക്കാൻ സർക്കാർ തീരുമാനിച്ചത്. ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനായാണ് മാർച്ച് 21 മുതൽ പൊതു ഗതാഗതത്തിന് വിലക്കേർപ്പെടുത്തുന്നത്.

അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 173 ആയി. ഫെബ്രുവരിയിൽ കേരളത്തിലാണ് ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചത്. മൂന്ന് കേസുകളാണ് കേരളത്തിൽ ആദ്യം റിപ്പോർട്ട് ചെയ്തത്. ഇവർക്ക് രോഗം ഭേദമായെങ്കിലും രണ്ടാം വരവിൽ രാജ്യത്തെയാകെ സ്തംഭിപ്പിക്കാൻ കൊറോണ വൈറസിനായി. ഛത്തിസ്ഗഡ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളെയാണ് നിലവിൽ കൊറോണ ഏറെ ബാധിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook