ന്യൂഡല്‍ഹി: ‘ദി കേരള സ്റ്റോറി’ എന്ന ചലച്ചിത്രത്തിന് നികുതി ഒഴിവാക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്ക് സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. “ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ ഈ സിനിമ കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ സഹോദരിമാരുടെ കഷ്ടതകള്‍ അവര്‍ മനസിലാക്കണം. ഞങ്ങളും സിനിമ കാണും. ഈ സിനിമയെ പശ്ചിമ ബംഗാളില്‍ നിരോധിച്ച നടപടി ജനങ്ങള്‍ അംഗീകരിക്കില്ല,” അദ്ദേഹം പറഞ്ഞു.
സുദീപ്തൊ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറി, കേരളത്തില്‍ നിന്ന് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും തീവ്രവാദ സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുകയും പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നത്.
സിനിമയ്ക്കെതിരെ വ്യാപരകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സംസ്ഥാനത്ത് സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് യുപി സര്‍ക്കാരിന്റെ നടപടി. മധ്യപ്രദേശ് സര്‍ക്കാരും നികുതി ഒഴിവാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും സിനിമയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമ്മിച്ചതാണ് ‘കേരള സ്റ്റോറി’യെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.