ഹേഗ്: കുൽഭൂഷണ്‍ ജാദവ് കേസില്‍ ഐക്യരാഷ്ട്രസഭാ കോടതിയുടെ വിധി നാളെ. കുല്‍ഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ച പാകിസ്താന്റെ നടപടി റദ്ദാക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ട ഇന്ത്യയുടെ വാദങ്ങള്‍ വിജയിച്ചോ എന്ന് നാളെ അറിയാം. നാളെ ഉച്ച കഴിഞ്ഞ് 3.30ഓടെയായിരിക്കും വിധി എന്നാണ് വിവരം. ഇന്ത്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായത്.

വിയന്ന കരാറിലെ 36ആം ചട്ടത്തിന്‍റെ ലംഘനമാണ് പാകിസ്താൻ നടത്തിയിരിക്കുന്നതെന്നും വധശിക്ഷ റദ്ദാക്കണമെന്നും ഇന്ത്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

ജാദവില്‍ നിന്നും പിടിച്ചെടുത്ത മുസ്ലിം പേരിലുള്ള വ്യാജ പാസ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഇന്ത്യയ്ക്ക് പറ്റിയിട്ടില്ലെന്ന് പാകിസ്താന്‍ പറഞ്ഞു. രാഷ്ട്രീയ നാടകത്തിനുള്ള വേദിയായാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ കണ്ടത്. എന്നാല്‍ തങ്ങള്‍ അത്തരത്തില്‍ കോടതിയില്‍ പെരുമാറില്ലെന്നും പാകിസ്താന്‍ പറഞ്ഞു. ജാദവ് കുറ്റസമ്മതം നടത്തുന്ന വീഡിയോ പ്രദര്‍ശിപ്പിക്കാന്‍ അനുമതി തേടിയ പാകിസ്താന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞത് അവര്‍ക്ക് തിരിച്ചടിയായി.

കുൽഭൂഷണ്‍ ജാദവിനെ ചാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം പാക്ക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും പാകിസ്താന്‍ ഔദ്യോഗികമായി അറിയിച്ചില്ല. അറസ്റ്റ് പോലും ഇന്ത്യ അറിയുന്നത് മാധ്യമങ്ങളിലൂടെ മാത്രമാണ്. ശരിയായ വിചാരണ പോലും നടത്താതെയാണ് ശിക്ഷ വിധിച്ചതെന്നും ഇന്ത്യ നേരത്തേ വാദിച്ചു. അന്താരാഷ്ട്ര കോടതിയിലെ കേസ് അവസാനിക്കുന്നതു വരെ വധശിക്ഷ റദ്ദ് ചെയ്യണമെന്നും ഇതിനുള്ള നടപടി പാകിസ്താൻ സ്വീകരിക്കണമെന്നും സാൽവെ ആവശ്യപ്പെട്ടു. കേസിൽ കുൽഭൂഷനും ഇന്ത്യയ്ക്കും നീതി ലഭിച്ചില്ലെന്നും സാൽവെ വാദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ