ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അത്. വടക്കുകിഴക്കൻ ഡൽഹിയിലെ പടിഞ്ഞാറൻ കാരവാൽ നഗറിലെ ഒരു റോഡിന് നടുവിൽ മിഠായികളും ഫർണിച്ചറുകളും തീയിൽ എരിയുന്ന ഒരു ബേക്കറി ഷോപ്പിന് മുന്നിൽ അതിന്റെ ഫോൺ നമ്പർ കുറിച്ചെടുക്കാനായി ഞാൻ നിന്നു.

നാൽപ്പതോ അതിന് മുകളിലോ പ്രായമുള്ള ഒരാൾ ഒരാൾ എന്റെ അടുത്തേക്ക് വന്ന് ചോദിച്ചു: “നിങ്ങൾ ആരാണ്? ഇവിടെ എന്തു ചെയ്യുന്നു?” ഒരു പത്രപ്രവർത്തകനാണെന്ന് ഞാൻ സ്വയം പരിചയപ്പെടുത്തി. “നിങ്ങളുടെ നോട്ട്ബുക്ക് തരൂ.” നിരവധി ഫോൺ‌ നമ്പറുകളും പ്രദേശത്തെക്കുറിച്ചുള്ള എന്റെ നിരീക്ഷണവും ഒഴികെ അയാൾ‌ക്ക് സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. “നിങ്ങൾക്ക് ഇവിടെ നിന്ന് റിപ്പോർട്ടുചെയ്യാൻ കഴിയില്ല,” അദ്ദേഹം ഭീഷണിപ്പെടുത്തി ബേക്കറി ഇനങ്ങളുടെ കത്തുന്ന കൂമ്പാരത്തിലേക്ക് എന്റെ നോട്ട്ബുക്ക് എടുത്തെറിഞ്ഞു.

Read More: Delhi violence Live Updates: ഡൽഹി കലാപത്തിൽ മരണം 18; ഹൈക്കോടതിയിൽ അർധരാത്രി അടിയന്തരവാദം

ഇതിനിടയിൽ, അമ്പതോളം ആളുകളുടെ ഒരു സംഘം എന്നെ വളഞ്ഞു, എന്റെ ഫോൺ പരിശോധിക്കണമെന്ന് അവർ അലറി. കാരണം ഞാൻ അക്രമത്തിന്റെ ഫോട്ടോകൾ പകർത്തുന്നുണ്ടെന്ന് അവർ സംശയിച്ചു. എന്റെ ഫോണിലെ സമീപകാല ചിത്രങ്ങളെല്ലാം അവർ നോക്കി. അക്രമത്തിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ അവർക്കതിൽ കണ്ടെത്താനായില്ല. എന്നാൽ ഫോൺ എനിക്ക് തിരികെ നൽകുന്നതിനുമുമ്പ് അവർ അതിലെ എല്ലാ ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തു. “നിങ്ങൾ എന്തിനാണ് ഇവിടെ വന്നത്?” “നിങ്ങൾ ജെഎൻയുവിൽ നിന്നാണോ?”. ജീവനിൽ കൊതിയുണ്ടെങ്കിൽ അവിടെ നിന്ന് പോകാൻ എന്നോട് ആവശ്യപ്പെടുന്നതിന് മുമ്പായി അവർ എന്നോട് ഈ ചോദ്യങ്ങൾ ചോദിച്ചു. ഞാൻ നേരിടാൻ പോകുന്നതിന്റെ മുന്നോടിയായുള്ള​ ചിലത് മാത്രമായിരുന്നു അത്.

സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെയുള്ള ഒരു തെരുവിൽ പാർക്ക് ചെയ്തിരിക്കുന്ന എന്റെ ബൈക്കിനടുത്തേക്ക് ഞാൻ പോവുകയായിരുന്നു.

എന്റെ ബൈക്ക് പാർക്ക് ചെയ്തിരുന്ന ഒരു ഇടവഴിയിലേക്ക് പ്രവേശിക്കുമ്പോൾ, ലാത്തികളും വടികളും ഇരുമ്പ് ദണ്ഡുകളുമായി വന്ന മറ്റൊരു സംഘം എന്നെ തടഞ്ഞു. വീണ്ടും ഞാൻ അക്രമങ്ങളുടെ ചിത്രങ്ങൾ പകർത്തിയതായി അവർ പറഞ്ഞു. മുഖം മൂടിയ ഒരു യുവാവ് എന്നോട് എന്റെ ഫോൺ തരാൻ പറഞ്ഞു. എന്നാൽ അത് നൽകാൻ വിമുഖത കാട്ടിയ ഞാൻ, എല്ലാ ഫോട്ടോകളും നീക്കം ചെയ്തതായി അവനോട് പറഞ്ഞു. അവൻ വീണ്ടും അലറി: “ഫോൺ താ.” അയാൾ എന്റെ പുറകിലേക്ക് വന്ന് തുടയിൽ ഒരു വടിവച്ച് തട്ടി. ഇത് ഒരു നിമിഷം എന്നെ അസ്ഥിരനാക്കി. ചില വിവേകത്തിന്റെ ശബ്ദങ്ങൾ എന്റെ തലയിൽ മുഴങ്ങി: “നിങ്ങൾക്ക് കൂടുതൽ വിലയേറിയത് എന്താണ്: നിങ്ങളുടെ ഫോണോ ജീവനോ?” ഞാൻ അവർക്ക് ഫോൺ നൽകി. അവർ ആഹ്ലാദിക്കുകയും യുവാക്കൾ ജനക്കൂട്ടത്തിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്തു.

മറ്റൊരു ജനക്കൂട്ടം എന്നെ പിന്തുടരുന്നതുവരെ ഞാൻ രക്ഷപ്പെട്ടു. അമ്പത് വയസിന് മുകളിൽ പ്രായമുള്ള ഒരു മനുഷ്യൻ എന്റെ കണ്ണട മുഖത്ത് നിന്നെടുക്കുകയും അത് താഴെയിട്ട് ചവിട്ടിപ്പൊട്ടിക്കുകയും ചെയ്തു. “ഒരു ഹിന്ദു ആധിപത്യമുള്ള പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്തതിന്” എന്നെ രണ്ടുതവണ അടിക്കുകയും ചെയ്തു. അവർ എന്റെ പ്രസ് കാർഡ് പരിശോധിച്ചു. “ശിവ്നാരായൺ രാജ്പുരോഹിത്, ഉം. ഹിന്ദുവാണോ? രക്ഷപ്പെട്ടു.” പക്ഷെ അവർക്ക് അത് പോരായിരുന്നു. ഞാൻ ഒരു യഥാർത്ഥ ഹിന്ദുവാണോ എന്നതിന് കൂടുതൽ തെളിവ് അവർ ആഗ്രഹിച്ചു. “ബോലോ ജയ് ശ്രീ റാം”. ഞാൻ നിശബ്ദനായി.

‘Hindu ho? Bach gaye’ Express journalist’s account from Karawal Nagar

ജീവൻ വേണമെങ്കിൽ ഓടിപ്പോകാൻ അവർ എന്നോട് ആജ്ഞാപിച്ചു. “മറ്റൊരു കൂട്ടം ആളുകൾ കൂടി നിന്നെ തേടി വരുന്നുണ്ട്,” അവരിൽ ഒരാൾ പറഞ്ഞു. വിറച്ചുകൊണ്ട് ഞാനെന്റെ ബൈക്ക് എടുത്തു. താക്കോലിനായി ഞാൻ വെപ്രാളത്തോടെ എന്റെ ബാഗിൽ തിരഞ്ഞു. “പെട്ടെന്നാകട്ടെ. അവരുടെ കൈയ്യിൽ കിട്ടിയാൽ വെറുതെ വിടില്ല,” കൂട്ടത്തിൽ ഒരാൾ എന്നോട് പറഞ്ഞു. ഒടുവിൽ ഞാൻ ബൈക്കിന്റെ താക്കോൽ കണ്ടെത്തി. അതിവേഗത്തിൽ യാതൊരു പരിചയവുമില്ലാത്ത ഇടവഴികളിലൂടെ വണ്ടിയോടിച്ച് സുരക്ഷിതമായി പുഷ്ത റോഡിലെത്തി.

(ഇന്ത്യൻ എക്‌സ്‌പ്രസിലെ മാധ്യമപ്രവർത്തകൻ ശിവ്നാരായൺ രാജ്പുരോഹിത് എഴുതിയ അനുഭവം)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook