കേപ്പ് ടൗണ്‍: കഞ്ചാവ് ഉപയോക്താക്കളെ സന്തോഷത്തിലാക്കി ദക്ഷിണാഫ്രിക്കന്‍ പരമോന്നത കോടതിയായ ഭരണഘടനാ കോടതിയുടെ ഉത്തരവ്. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും കൈയ്യില്‍ വയ്ക്കുന്നതും കോടതി നിയമപരമാക്കി. പ്രായപൂര്‍ത്തിയായവര്‍ക്ക് കഞ്ചാവ് ഉപയോഗിക്കുന്നതിനുളള നിരോധനം ഭരണഘടനാവിരുദ്ധവും പൗരന്റെ അവകാശത്തിന്‍ മേലുളള കടന്നുകയറ്റവുമാണെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ ജഡ്ജിമാരും ഏകകണ്ഠമായാണ് വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ കഞ്ചാവ് പൊതുവിടത്ത് ഉപയോഗിക്കുന്നത് കോടതി കര്‍ശനമായി വിലക്കി. കഞ്ചാവ് ഇടപാടുകള്‍ ഇപ്പോഴും നിയമവിരുദ്ധമാണ്. കോടതി വിധി കേള്‍ക്കാനായി ആയിരക്കണക്കിന് പേരാണ് കോടതിക്ക് പുറത്തെത്തിയത്. വിധി പുറത്തുവന്നതിന് പിന്നാലെ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു. 2017ല്‍ കഞ്ചാവ് ഉപയോഗം നിയമപരമാക്കിയ വെസ്റ്റേണ്‍ കേപ്പ് ഹൈക്കോടതിയുടെ വിധി ശരിവച്ച കോടതി വീട്ടില്‍ കഞ്ചാവ് ഉപയോഗിക്കുന്നതിനെ നിരോധിക്കുന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നും നിരീക്ഷിച്ചു.

സ്വകാര്യമായി കഞ്ചാവ് ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കി തന്നെ കാണണമെന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. കഞ്ചാവ് ഉപയോഗത്തേക്കാള്‍ ഹാനികരം മദ്യപാനം ആണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതി അംഗീകരിച്ചു. കഞ്ചാവ് ഉപയോഗം നിരോധിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാവുന്ന അവസ്ഥ കുറക്കാന്‍ കാരണമാക്കുമെന്ന സര്‍ക്കാര്‍ വാദം ഇതോടെ അംഗീകരിക്കപ്പെട്ടില്ല. അവശ്യമായ നിയമഭേദഗതി വരുത്താന്‍ പാര്‍ലമെന്റിന് കോടതി സമയം നല്‍കിയെങ്കിലും ഇടക്കാലാശ്വാസമായി ജനങ്ങള്‍ക്ക് ഇപ്പോള്‍ വീടുകളില്‍ കഞ്ചാവ് ഉപയോഗിക്കാം.

‘നമ്മള്‍ ഇപ്പോള്‍ സ്വതന്ത്രരാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം റസ്തഫാരി…, ഞങ്ങള്‍ സ്വതന്ത്രരായി’, കോടതിക്ക് വെളിയില്‍ ഒരാള്‍ വിളിച്ചു പറഞ്ഞു. കഞ്ചാവിനെ സ്വര്‍ഗീയമായി കാണുന്ന വിഭാഗമാണ് റസ്തഫാരികള്‍. ലോകപ്രശസ്ത ഗായകനായ ബോബ് മാര്‍ലി റസ്തഫാരിയില്‍ ആകൃഷ്ടനായ ആളാണ്. കത്തോലിക്കാമതവിശ്വാസിയായി വളർത്തപ്പെട്ട മാർലി ക്രമേണ ‘റസ്തഫാരിയിസ’ത്തിൽ ആകൃഷ്ടനായി. 1930ൽ ജമൈക്കയിലാരംഭിച്ച ഒരു ആത്മീയപ്രസ്ഥാനമാണ് റസ്തഫാരി. പാശ്ചാത്യസമൂഹത്തെ നിരാകരിക്കുക എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ മുഖമുദ്ര.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook