ഗോട്ടബയ രാജപക്സെ ഹീറോയായി മാറുമ്പോൾ ഡാനിഷ് അലിക്ക് 18 വയസ്സായിരുന്നു. 2009 ലായിരുന്നു അത്. എൽടിടിഇ മേധാവി വി.പ്രഭാകരനെ വധിച്ചതിനും, പതിറ്റാണ്ടുകൾ നീണ്ട ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതിനും അന്നത്തെ പ്രതിരോധ സെക്രട്ടറി ഗോട്ടബയയും അദ്ദേഹത്തിന്റെ സഹോദരനും അന്നത്തെ പ്രസിഡന്റുമായ മഹിന്ദ രാജപക്സെയും ഏറെ പ്രശംസിക്കപ്പെട്ടു.
“ഞാൻ സ്കൂൾ പഠനം കഴിഞ്ഞതേയുള്ളൂ, അധികം വൈകാതെ തുടർ പഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോയി,” അലി പറയുന്നു. “ആ സമയത്ത്, എല്ലാവരും അദ്ദേഹത്തെ മഹാനായ നേതാവായി കണ്ട് പ്രശംസിച്ചിരുന്നു… പക്ഷേ അദ്ദേഹം ഒരു വംശീയവാദിയാണെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും എന്റെ കുടുംബത്തിന് അറിയാമായിരുന്നു.”
കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ എല്ലാം മാറ്റിമറിഞ്ഞു – ശ്രീലങ്കയ്ക്കും ഗോട്ടബയയ്ക്കും.
രാജ്യം വിട്ടതിതിനുപിന്നാലെ വ്യാഴാഴ്ച പ്രസിഡന്റ് പദവി രാജിവച്ച ഗോട്ടബയ ഇപ്പോൾ സിംഗപ്പൂരിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മാറ്റത്തിനുള്ള ആഹ്വാനത്തിന് തുടക്കമിട്ട യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പ്രസ്ഥാനമായ അർഗാലയയുടെ പ്രധാന നേതാവാണ് 31 വയസുള്ള അലി.

“ഭീകരരെ കൊല്ലുന്നത് അംഗീകരിക്കാം. ഞങ്ങൾ അതിനെ അഭിനന്ദിക്കുന്നു. പക്ഷേ അവർ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അവർക്ക് കഴിയില്ല,” അലി പറഞ്ഞു.
യുദ്ധം അവസാനിച്ചതുമുതൽ, ഗോട്ടബയ ദൈവസമാനമായ പദവി നേടി, ഭയപ്പെടുത്തി രാജ്യം ഭരിച്ചു. പ്രതിരോധ സെക്രട്ടറി എന്ന നിലയിൽ തന്റെ വിമർശകരെ നിശബ്ദരാക്കി, ചിലരെ കൊലപ്പെടുത്തി. 2009-ൽ കൊല്ലപ്പെട്ട ദ സൺഡേ ലീഡറിന്റെ എഡിറ്റർ ലസന്ത വിക്രമതുംഗെയുടേതാണ് ഏറ്റവും പ്രശസ്തമായ കേസ്.
മഹിന്ദയ്ക്കൊപ്പം, ഗോട്ടബയ സിംഹള അഭിമാനം വളർത്തുന്നത് തുടരുമ്പോൾ, മുസ്ലിംകൾക്കെതിരെ അക്രമം അഴിച്ചുവിടാൻ ബുദ്ധ തീവ്രവാദ ഗ്രൂപ്പായ ബോഡു ബാല സേനയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു.
അതുകൊണ്ടായിരിക്കാം 28-കാരനായ വെൽത്ത് പ്ലാൻ മാനേജർ സങ്ക ജയശേഖരെ, ഗോട്ടബയുടെ വീഴ്ചയെ “കർമ്മ” എന്ന് വിശ്വസിക്കുന്നത്. ഒപ്പം ഒരു പരിഹാസവും. “ഇത്രയും വർഷമായി ഞങ്ങളെ ഭിന്നിപ്പിച്ച നേതാവ് തന്നെ എല്ലാ സമുദായങ്ങളുടെയും ഏകീകരണത്തിന് കാരണമായി മാറി, ഒരുമിച്ച് വന്ന് അദ്ദേഹത്തെ രാജിവയ്ക്കാൻ നിർബന്ധിച്ചു,” പരിഹാസരൂപേണ ജയശേഖരെ പറഞ്ഞു.
“എല്ലാവരും ഒത്തുചേർന്നു. സിംഹളർ, തമിഴർ, മുസ്ലീങ്ങൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ തുടങ്ങി എല്ലാവരും മാറിനിന്നിരുന്നുവെങ്കിൽ ഒരിക്കലും ഈ ലക്ഷ്യം കൈവരിക്കാൻ കഴിയുമായിരുന്നില്ല. ശ്രീലങ്കയിലെ ഏറ്റവും ശക്തരായ കുടുംബത്തെ സമാധാനപരമായി പുറത്താക്കാൻ കഴിയുമെന്ന് ഞങ്ങൾ ലോകത്തെ കാണിച്ചു.”