ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ആക്രമണത്തിനും ഭീകരവാദത്തിനും പിന്നിലുളള ശക്തികള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ഓരോ സൈനികനും ആദരമര്‍പ്പിക്കുകയാണ്. നമ്മുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. അവരുടെ ധീരതയില്‍ നമുക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഈ ആക്രമണത്തെ അപലപിക്കുകയും നമുക്കൊപ്പം നില്‍ക്കുകയും ചെയ്ത എല്ലാ രാജ്യങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ്. ഈ ആക്രമണത്തിന് ​ശക്തമായ തിരിച്ചടി തന്നെ നല്‍കും,’ പ്രധാനമന്ത്രി പറഞ്ഞു.

‘ആഗോളതലത്തില്‍ തന്നെ ഒറ്റപ്പെട്ട് പോയ നമ്മുടെ അയല്‍ക്കാര്‍ ഇത്തരം തന്ത്രങ്ങളിലൂടേയും ഗൂഢാലോചനയിലൂടേയും നമ്മെ ഇല്ലാതാക്കാം എന്നാണ് കരുതിയതെങ്കില്‍ അത് അവര്‍ക്ക് പറ്റിയ വലിയ അബദ്ധമാണ്. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനു വേണ്ടി ധീരജവാൻമാർ ജീവൻ വെടിഞ്ഞത് വെറുതെയാകില്ലെന്നും ഇതിനു രാജ്യം തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പൊതു പരിപാടികൾ റദ്ദു ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ഇറ്റാർസിയിലും ഥാറിലും ശനിയാഴ്ച നടത്താനിരുന്ന പൊതുറാലികളാണ് പ്രധാനമന്ത്രി റദ്ദു ചെയ്തത്. അതേസമയം, മഹാരാഷ്ട്രയിലെ നാഗ്പൂരിലും ഥൂളിലും നിശ്ചയിച്ച പരിപാടികൾ പുനഃക്രമീകരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook