ന്യൂയോർക്ക്: ചൊവ്വയിലെ ശബ്ദം ആദ്യമായി മനുഷ്യന് കേള്‍ക്കാവുന്ന രീതിയില്‍ പകര്‍ത്തി പുറത്തുവിട്ട് നാസ. ചൊവ്വയില്‍ കാറ്റടിക്കുന്നതിന്റെ ശബ്ദമാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസ പുറത്തുവിട്ടത്. ചൊവ്വയുടെ ആന്തരിക ഘടനയെപ്പറ്റിയുള്ള പഠനം ലക്ഷ്യം വച്ച്‌ വിക്ഷേപിച്ച നാസയുടെ പര്യവേഷണ ഉപഗ്രഹമായ ഇന്‍സൈറ്റ് ആണ് ശബ്ദം പിടിച്ചെടുത്ത് ഭൂമിയില്‍ എത്തിച്ചത്. നാസയുടെ ചൊവ്വ പര്യവേഷണ വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഇത് റെക്കോർഡ് ചെയ്തത്.

10 മുതല്‍ 15 എംപിഎച്ച് വേഗതയിലാണ് കാറ്റടിക്കുന്നത്. ലാന്‍ഡറിലുളള എയര്‍ പ്രെഷര്‍ സെന്‍സറും സീസ്മോമീറ്ററും ആണ് പ്രകമ്പനം റെക്കോര്‍ഡ് ചെയ്തത്. ‘കാറ്റില്‍ ഒരു പതാക വേഗത്തില്‍ ആടുന്നത് പോലെയാണ് ഈ ശബ്ദം,’ എന്നാണ് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ശാസ്ത്രജ്ഞന്‍ തോമസ് പൈക്ക് പറയുന്നത്. തങ്ങള്‍ വിചാരിക്കാത്ത ഒരു സര്‍പ്രൈസ് ആണ് ലഭിച്ചതെന്ന് ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ബ്രൂസ് ബനേര്‍ഡ് പറഞ്ഞു.

1976ല്‍ നാസയുടെ വൈക്കിങ് ഒന്നും രണ്ടും ലാന്‍ഡറുകള്‍ ചൊവ്വയിലെ കാറ്റിന്റെ ശബ്ദ സിഗ്നലുകള്‍ പിടിച്ചെടുത്തിരുന്നു. പക്ഷെ മനുഷ്യന് കേള്‍ക്കാവുന്ന രീതിയിലുളള ഫ്രീക്വന്‍സി അതിനുണ്ടായിരുന്നില്ല. ഉപരിതലത്തില്‍ നിന്നും 16 മീറ്റര്‍ ഉള്ളിലുള്ള വിവരങ്ങള്‍ വരെ ശേഖരിക്കാനും ഭൂമിയിലേക്ക് അയയ്ക്കാനുള്ള സംവിധാനങ്ങള്‍ ഇന്‍സൈറ്റിലുണ്ട്. ചൊവ്വയിലെ എലൈസിയം പ്ലാസ എന്ന സമതലത്തിലാണ് ഇന്‍സൈറ്റ് ഇറങ്ങിയത്. ആറ് മാസം മുന്‍പാണ് ഇന്‍സൈറ്റ് ചൊവ്വ ലക്ഷ്യമാക്കി പുറപ്പെട്ടത്.

ചൊവ്വയുടെ ഉപരിതലത്തിനടിയിലെ രഹസ്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്‍സൈറ്റ് ലാന്‍ഡറിന്റെ ലക്ഷ്യം. ഭൂമിയില്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതുപോലെ ചൊവ്വയില്‍ കുലുക്കങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍ അവയെപ്പറ്റി പഠിക്കാന്‍ ഒരു പ്രകമ്പനമാപിനിയും ഇന്‍സൈറ്റിലുണ്ട്. ഇവിടത്തെ ഭൂകമ്പങ്ങളുമായി താരതമ്യം ചെയ്യും. റൈസ് ക്യാമറ, സീസ് കമ്പമാപിനി, എച്ചിപി3, താപമാപിനി തടങ്ങിയ ഉപകരണങ്ങളും ദൗത്യത്തിനൊപ്പമുണ്ട്. അഞ്ചുമീറ്റര്‍വരെ ആഴത്തില്‍ കുഴിക്കാൻ ശേഷിയുള്ള ജർമ്മൻ നിർമ്മിത ഡ്രില്ലും ഇന്‍സൈറ്റ് പ്രവര്‍ത്തിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook