പുണെ: നരേന്ദ്ര മോദി കളമൊഴിയുന്ന ദിവസം താന്‍ രാഷ്ട്രീയം വിടുമെന്ന് കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പുണെയില്‍ നടക്കുന്ന വേര്‍ഡ്സ് കൗണ്ട് ഫെസ്റ്റിവലിലിന്റെ ഒരു സെക്ഷനില്‍ സംസാരിക്കുകയായിരുന്നു സ്മൃതി. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്നും മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ സ്മൃതി ഇറാനി വ്യക്തത വരുത്തിയില്ല.

‘കുറേ നേരമായി എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ അമേഠിയില്‍ നിന്നും മത്സരിക്കുമോ ഇല്ലയോ എന്നാണ്, എന്നാല്‍ അത് പാര്‍ട്ടി അധ്യക്ഷനായ അമിത് ഷാ തീരുമാനിക്കും,’ സ്മൃതി ഇറാനി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവോ അന്ന് താനും തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമെന്നും സ്മൃതി ഇറാനി പ്രഖ്യാപിച്ചു. എന്നാല്‍ അദ്ദേഹം കുറേ കാലം ആ കസേരയില്‍ തന്നെ ഉണ്ടാകുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. സ്മൃതി ഇറാനിയെ എന്നാണ് പ്രധാനമന്ത്രി പദത്തില്‍ കാണാനാവുക എന്ന ചോദ്യത്തിന് വളരെ നീണ്ട ഉത്തരമായിരുന്നു കേന്ദ്ര മന്ത്രിയുടേത്

‘അടല്‍ ബിഹാരി വാജ്‌പേയി, നരേന്ദ്ര മോദി തുടങ്ങിയവരുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ഭാഗ്യവതിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ആ ദിവസം ഞാനും ഇന്ത്യന്‍ രാഷ്ട്രീയം നിര്‍ത്തും,’ സ്മൃതി ഇറാനി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ