scorecardresearch
Latest News

ഒരു വിവാഹത്തിന്‍റെ വില

ജാര്‍ഖണ്ടിലെ മുസ്ലീം സമുദായത്തിനിടയിലെ സ്ത്രീധനസമ്പ്രദായം നിര്ത്തലാക്കാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രശാന്ത് പാണ്ഡെ എഴുതുന്നു

മെയ്‌ 2016, അവരുടെ പൊരുത്തം ഉറപ്പിച്ചു, കരാറില്‍ തീരുമാനമായി. വരനു 70,000 രൂപയും ഒരു മോട്ടോര്‍ സൈക്കിളും. ജാര്‍ഖണ്ടിലെ ലട്ടെഹാര്‍ ജില്ലയിലെ ഇരുപതു വയസ്സുകാരി ബാനോ പര്‍വീനും അയല്‍ഗ്രാമത്തില്‍ നിന്നുള്ള വെല്‍ഡിംഗ് തൊഴിലാളിയായ ഇരുപത്തഞ്ചുകാരന്‍ മഹ്ഫൂസ് അന്‍സാരിയെ വിവാഹം ചെയ്യുന്നു.വിവാഹത്തിനു നാല് ദിവസം മാത്രം ബാക്കിയിരിക്കെ വരന്‍റെ വീട്ടുകാരുമായി നാട്ടിലെ മസ്ജിദ്, മദ്രസ കമ്മറ്റികള്‍ ചര്‍ച്ചയ്ക്കിരിക്കുന്നു. ചര്‍ച്ചയുടെ ഫലം, വരന്‍റെ കുടുംബം വധുവിന്‍റെ പിതാവ് ഐനുല്‍ ഹക്കിനു 70,000 രൂപ മടക്കി നല്‍കി.

“ആ തുകയ്ക്ക് ഞാന്‍ എന്റെ മകള്‍ക്ക് ഒരു അലമാരയും കുറച്ചു പാത്രങ്ങളും മറ്റ് അല്ലറചില്ലറ സാധനങ്ങളും വാങ്ങി കൊടുത്തു ” വിവാഹം തീരുമാനിച്ചപ്രകാരം തന്നെ നടന്നു എന്നും ശേഷം ദമ്പതികള്‍ സന്തുഷ്ടരായി കഴിഞ്ഞു എന്നും ആശ്വസിച്ചുകൊണ്ട് നാല്‍പ്പത്തഞ്ചുകാരനായ ഹക്ക് പറയുന്നു.

ഐനുല്‍ ഹക്കും അയാളുടെ വീടിനോടു ചേര്‍ന്നുള്ള ഉപജീവനമാര്‍ഗ്ഗമായ കടയും

മുസ്ലീം സമുദായത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു വലിയ മുന്നേറ്റത്തിന്‍റെ ഭാഗമാണ് ഹക്കിന്‍റെയീ കഥ. ആപ്രില്‍ ഇരുപത്തിനാല് 2016ലാണ് ജാര്‍ഖണ്ടിലെ ലട്ടെഹാര്‍ ജില്ലയിലെ കൈത്തറി വ്യവസായിയായ ഹാജി മുംതാജ് അലി ‘മുത്തലിബ-ഇ- ജഹേജ്- വ- തിലക്- റോകോ തെഹരീക്‘ എന്ന പേരില്‍ മുസ്ലീം സമുദായത്തിനിടയിലെ സ്ത്രീധനസമ്പ്രദായത്തെ നിര്ത്തലാക്കുവാനായുള്ള മുന്നേറ്റത്തിനു തുടക്കമിടുന്നത്. ഇന്നു അയല്‍ ജില്ലകളായ പലാമു, ഗര്‍ഹ്വ എന്നിവടങ്ങളിലേക്കുംകൂടെ വ്യാപിച്ചിരിക്കുകയാണ് ഈ മുന്നേറ്റം.

പരന്നുകിടക്കുന്ന തന്‍റെ ബംഗ്ലാവില്‍ ഗ്രാമത്തിലെ മുതിര്‍ന്നവരുടെ കൂടെ ഇരുന്നുകൊണ്ട് അലി പറയുന്നു ” ധാരാളം ഗ്രാമവാസികള്‍ സഹായത്തിനായി എന്‍റെയടുത്ത് വരാറുണ്ട്. മിക്കവാറും പേര്‍ വന്നിരുന്നത് അവരുടെ പെണ്‍മക്കളെ വിവാഹം ചെയ്തുകൊടുക്കാന്‍ ആവശ്യമുള്ള കാശും ചോദിച്ചാണ്. ഇത്തരത്തില്‍ വരുന്ന ആവശ്യക്കാര്‍ ദിനംപ്രതി കൂടിവരുന്നു എന്നുവന്നപ്പോഴാണ് സ്ത്രീധനം ഏറ്റവും വലിയൊരു പ്രശ്നമാണ് എന്നും, എങ്കില്‍പ്പോലും ആരും അതിനെതിരെ സംസാരിക്കുന്നില്ല എന്നും ഞാന്‍ തിരിച്ചറിയുന്നത്.”

ഇസ്ലാമികരീതികള്‍ പ്രകാരം സ്ത്രീധനം കൊടുക്കുന്നതോ വാങ്ങുന്നതോ നിരോദിതമോ നിയമവിരുദ്ധമോ അല്ലായെങ്കിലും അതിനായി ആവശ്യപ്പെടുന്നത് നിയമവിരുദ്ധവുമാണ്. തന്‍റെ പ്രവര്‍ത്തിയുടെ ഫലമായി
ഏതാണ്ട് എഴുന്നൂറോളം കുടുംബങ്ങളെ സ്ത്രീധനത്തില്‍ നിന്നും മോചിപ്പിച്ചു എന്നും ഏതാണ്ട് ആറുകോടിരൂപയോളം വരുന്ന സ്ത്രീധനതുക താന്‍ തിരിച്ചേല്‍പ്പിച്ചും എന്ന് അവകാശപ്പെട്ടുകൊണ്ട് അലി വിശദീകരിക്കുന്നു.

എന്നാല്‍ സ്ത്രീധനകൈമാറ്റം നടക്കുന്നത് കാശായിട്ട് മാത്രമല്ല. പലപ്പോഴും വാഹനങ്ങള്‍ ആയും വസ്തുക്കള്‍ ആയുമോക്കെയാണ് സ്ത്രീധനം കൈമാറുന്നത്. ഐനുല്‍ ഹക്കിന്റെ കാര്യമെടുക്കുകയാണ് എങ്കിലും 70,000 രൂപ തിരിച്ചുകൊടുക്കുമ്പോഴും വരനു കൊടുക്കാന്‍ വച്ചിരുന്ന ബൈക്കിന്‍റെ കാര്യത്തില്‍ അയാള്‍ വിട്ടുവീഴ്ച്ച ചെയ്യുന്നില്ല. “അതെന്‍റെ മരുമകനുള്ള സമ്മാനം ആണ്” എന്നയാള്‍ പറഞ്ഞുവെക്കുന്നു.

2.75 ലക്ഷം രൂപയാണ് ഒടുവില്‍ മകളുടെ വിവാഹത്തിനായി ഹക്കിനു ചിലവിടേണ്ടി വന്നത്. അറുപതിനായിരത്തി അഞ്ചൂറ് രൂപ വരുന്ന പാഷന്‍ പ്രൊ ബൈക്ക്, മുപ്പതിനായിരത്തോളം അതിഥികള്‍ക്കുള്ള ഭക്ഷണം, പന്തല്‍, വെളിച്ചം, അലങ്കാരം എന്നിവയൊക്കെ ചേര്‍ത്ത് പതിനേഴായിരത്തോളം രൂപ. അതിനുപുറമേ അലമാരയും മേശയും പാത്രങ്ങളുമൊക്കെയായി 90,000 രൂപ.

മണ്ണ് കൊണ്ട് തീര്‍ത്ത തന്‍റെ കൂരയ്ക്ക് മുന്നില്‍ ചായയും സമൂസയും പലഹാരങ്ങളും വില്‍ക്കുന്ന ഹക്ക് പറയുന്നു, ഒരു ദരിദ്രനെ സംബന്ധിച്ച് പെണ്‍മക്കലേ വിവാഹം ചെയ്ത് അയക്കുക എന്നത് അത്ര എളുപ്പമല്ല എന്നു. മകളുടെ വിവാഹം നടത്തിക്കുവാനായി അദ്ദേഹം ആദ്യമായി സഹായം ആരായുന്നത് ഒരു സ്വകാര്യ ഫാക്റ്ററി തൊഴിലാളിയായ മൂത്ത സഹോദരനോടാണ്. സഹോദരനാണ് വിവാഹോപഹാരമായി ബൈക്ക് നല്‍കുന്നത്.

” അതിനുശേഷവും ഞാന്‍ കാശും ചോദിച്ച് കുറഞ്ഞത് ആറു ബന്ധുക്കളുടെ അടുത്തെങ്കിലും ചെന്നിട്ടുണ്ട്. ചിലര്‍ പതിനായിരവും ചിലര്‍ പതിനഞ്ചായിരവുമൊക്കെയായി തന്നു സഹായിക്കും.” തന്‍റെ സമൂസകടയ്ക്കു മുന്നില്‍ നിന്നുകൊണ്ട് ഹക്ക് തന്‍റെ പ്രാരാബ്ധക്കെട്ടഴിക്കുന്നു. പ്രതിമാസം അഞ്ചൂറു മുതല്‍ ആയിരം രൂപവരെയായി തിരിച്ചടക്കുകയാണ് എങ്കില്‍ അധികം വൈകാതെ തന്നെ കടം വീട്ടി തീര്‍ക്കാം എന്ന പ്രതീക്ഷയിലാണ് ഹക്ക്. എന്നാല്‍ ഇപ്പോഴും 1.2 ലക്ഷം രൂപ കടമായി ഭാക്കിനില്‍ക്കുന്നു.

അറുപത്തഞ്ചുകാരനായ ഹക്കിന്റെ പിതാവ് ഉസ്മാന്‍ അന്‍സാരി പറയുന്നത് പെണ്‍കുട്ടികളുടെ വിവാഹത്തിന് അത്രയും തുക ചിലവഴിക്കുക എന്നല്ലാതെ കുടുംബത്തിന്‍റെ മുന്നില്‍ മറ്റു പോംവഴികള്‍ ഇല്ല എന്നാണ്. ഈ പ്രദേശത്തെ “വില നിലവാരം” ഇങ്ങനെയാണ് “എവിടെപ്പോയാലും ഒരു ലക്ഷം രൂപയുള്ള മോട്ടോര്‍സൈക്കിള്‍ കഴിഞ്ഞിട്ടാണ് ഒത്തുതീര്‍പ്പുകള്‍ തുടങ്ങുക.” അന്‍സാരി പറഞ്ഞു.

പതിനഞ്ചുകിലോമീറ്റര്‍ അകലെ, ഇചാക് ഗ്രാമത്തില്‍, വനംവകുപ്പില്‍ കരാര്‍ ഡ്രൈവര്‍ ആയി ജോലി ചെയ്തിരുന്ന ബാനോവിന്‍റെ ഭര്‍തൃപിതാവ് സത്താര്‍ അന്‍സാരി തന്‍റെ മൂന്ന് ഏക്കര്‍ പാടത്തിനു ചുറ്റും ഉലാത്തുകയാണ്. സത്താര്‍ പറയുന്നു- “ഹക്കില്‍ നിന്നും ഞാന്‍ അമ്പതിനായിരം രൂപ സ്ത്രീധനം ആയി കൈപ്പറ്റിയിരുന്നു.പക്ഷെ പിന്നീടൊരു ദിവസം ഒരു സംഘം ആളുകള്‍ സംസാരിക്കുവാനായി എന്റെ വീട്ടിലേക്ക് വന്നു. അപ്പോഴാണ്‌ എന്റെ സഹോദരനും അവരില്‍ നിന്നും ഇരുപതിനായിരം രൂപ കൈപ്പറ്റിയിട്ടുണ്ട് എന്ന് ഞാന്‍ അറിയുന്നത്. ഉടന്‍തന്നെ എല്ലാ പണവും തിരിച്ചുകൊടുക്കാം എന്ന്‍ ഞാനും അംഗീകരിക്കുകയായിരുന്നു. അവര്‍ ചെയ്ത
പ്രവര്‍ത്തനത്തെ ഞാനും സ്വാഗതം ചെയ്യുന്നു ” രണ്ടു പെണ്‍കുട്ടികളടക്കം അഞ്ചുപേരുടെ അച്ചന്‍ കൂടിയായ സത്താര്‍ പറയുന്നു.

ചര്‍ച്ചയ്ക്കായി വന്ന സംഘം പണം തിരിച്ചുകൊടുക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ താന്‍ അല്പം ആശങ്കപ്പെട്ടിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. സത്താറിന്‍റെ മൂത്തപുത്രി ഇമ്രാന അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവത്തില്‍ സങ്കീര്‍ണത കാണിച്ചുതുടങ്ങി എന്നതിനാല്‍ ദാല്‍തോംഗഞ്ചിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. “അതിനാല്‍ ചികിത്സക്കായി ഞാന്‍ ഒരുപാട് ചിലവാക്കേണ്ടി വന്നു. ഇതിനുപുറമേ, ഹക്ക് നല്‍കിയ പണത്തിനു ഞാന്‍ തുണിയും ആഭരണങ്ങളുമൊക്കെ വാങ്ങിക്കുകയും ചെയ്തിരുന്നു. പക്ഷെ ചോദിക്കുമ്പോള്‍ പണം തിരിച്ചുകൊടുക്കുക എന്നത് എന്‍റെ കുടുംബത്തെ സംബന്ധിച്ച് അഭിമാനത്തിന്റെ പ്രശ്നം കൂടിയായിരിക്കുകയായിരുന്നു. ഒടുവില്‍ സഹോദരന്‍ സഹായിച്ചത് കൊണ്ട് പെട്ടെന്ന് തന്നെ കാശ് മടക്കി നല്‍കാന്‍ എനിക്ക് സാധിച്ചു. ” ഇനിയും സഹോദരന് ആ കാശ് മടക്കികൊടുക്കാനുണ്ട് എന്നു കൂട്ടി ചേര്‍ത്തുകൊണ്ട് സത്താര്‍ പറഞ്ഞു.

അയാളുടെ ഒരു മരുമകന്‍ കുറച്ചുകൂടെ കാര്യങ്ങള്‍ തുറന്നു സംസാരിച്ചു- “ചര്‍ച്ചയ്ക്കായി വന്ന സംഘം കാശ് തിരിച്ചുകൊടുക്കണം എന്ന കാര്യത്തില്‍ കര്കശക്കാര്‍ ആയിരുന്നു. കാശുമടക്കി നല്‍കില്ല എങ്കില്‍ വിവാഹം ബഹിഷ്കരിക്കും എന്നുവരെ അവര്‍ പറയുകയുണ്ടായി. ഞങ്ങളുടെ കുടുംബത്തിന്റെ അന്തസ്സ് ചോദ്യംചെയ്യപ്പെടും എന്നു വന്നാല്‍ ഞങ്ങള്‍ക്കും വേറെയൊന്നുംതന്നെ ചെയ്യാനായില്ല.

എന്നാല്‍ ഇതൊന്നും തന്‍റെ മരുമകളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല എന്ന് സത്താര്‍ അവകാശപ്പെടുന്നു. “അവള്‍ എന്റെ സ്വന്തം മകളെപ്പോലെയാണ് ഇവിടെ കഴിയുന്നത്.”

താന്‍ ജോലിചെയ്യുന്ന കൂരയില്‍ ചെന്നപ്പോള്‍ സത്താറിന്റെ മകന്‍ മഹറൂഫ് സ്ത്രീധനത്തെക്കുറിച്ച് അധികം സംസാരിക്കുന്നില്ല. “ഇതെന്തെങ്കിലും തരത്തിലുള്ള അന്വേഷണം ആണോ ” എന്നു മാത്രമായിരുന്നു അയാളുടെ ചോദ്യം. താനും ബാനോവും സന്തുഷ്ടര്‍ ആണെന്നും മഹറൂഫ് പറയുന്നു.

തിരിച്ച് തര്‍വാധിഹ് ഗ്രാമത്തില്‍ നാല് പെണ്മക്കളുടെകൂടെ വിവാഹം ചെയ്തുകൊടുക്കാനിരിക്കെ ഹക്ക് പ്രതീക്ഷിക്കുന്നു, സ്ത്രീധനവിരുദ്ധ മുന്നേറ്റം തുടരുമെന്ന്. ”ഇല്ലങ്കില്‍..” അയാള്‍ പറയുന്നു ”എനിക്ക് എന്റെ അച്ഛനെക്കൊണ്ട് അദ്ദേഹത്തിന്‍റെ ഒന്നര ഏക്കര്‍ ഭൂമി വില്‍പ്പിക്കേണ്ടിവരും. അല്ലെങ്കില്‍, സ്ത്രീധനം ഒന്നുമില്ലാത്ത ഏതേലും ദൂരദേശം ഉണ്ടെങ്കില്‍, അവിടേക്ക് എന്റെ മക്കളെ വിവാഹം ചെയ്തു കൊടുക്കേണ്ടി വരും..”

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: The cost of a wedding