scorecardresearch
Latest News

കൈ കൊടുത്തവര്‍ക്കെല്ലാം തിരിച്ചടി; എല്‍ഐസിയിലെ അദാനി ഗ്രൂപ്പിന്റെ നിക്ഷേപ മൂല്യം 22 ശതമാനം ഇടിഞ്ഞു

ഫോർബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

LIC, Adani

ന്യൂഡല്‍ഹി: വിപണി മൂലധനപ്രകാരം പ്രകാരം അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ നോൺ-പ്രൊമോട്ടർ ആഭ്യന്തര ഓഹരി ഉടമയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന് (എൽഐസി) അദാനി ഗ്രൂപ്പ് കമ്പനികളിലെ മൂല്യത്തകർച്ച കാരണം 16,627 കോടി രൂപ നഷ്ടപ്പെട്ടു. അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് 3.37 ലക്ഷം കോടി രൂപയുടെ മൊത്തം വിപണി മൂലധനമാണ് വെള്ളിയാഴ്ച നഷ്ടമായത്.

അദാനി ഗ്രൂപ്പ് കമ്പനികളുടെ എല്‍ഐസിയിലെ നിക്ഷേപ മൂല്യം 72,193 കോടി രൂപയിൽ നിന്ന് 55,565 കോടി രൂപയായി കുറഞ്ഞു. വെറും രണ്ട് ദിവസത്തിനുള്ളിൽ 22 ശതമാനം ഇടിവാണുണ്ടായത്.

അതേസമയം, എൽഐസിയുടെ ഓഹരി വില 3.5 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 5.3 ശതമാനം ഇടിവാണ് സംഭവിച്ചത്.

സർക്കാർ ഉടമസ്ഥതയിലുള്ള എൽഐസിക്ക് 5.96 ശതമാനം ഓഹരിയുള്ള അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികൾ 20 ശതമാനമാണ് വെള്ളിയാഴ്ച ഇടിഞ്ഞത്. അദാനി എന്റർപ്രൈസസിന്റെ (എൽഐസി ഹോൾഡിങ് 4.23 ശതമാനം) ഓഹരികൾ 18.5 ശതമാനവും അദാനി ട്രാൻസ്മിഷൻ (എൽഐസി ഹോൾഡിംഗ് 3.6 ശതമാനം) 19.99 ശതമാനവും ഇടിഞ്ഞു.

അദാനി പോർട്‌സ് (എൽഐസി ഹോള്‍ഡിങ് 9.1 ശതമാനം) അഞ്ച് ശതമാനവും അദാനി ഗ്രീൻ എനർജി (എൽഐസി 1.28 ശതമാനം) 20 ശതമാനവും ഇടിഞ്ഞു.

അദാനി ഗ്രൂപ്പിന് വെള്ളിയാഴ്ച വിപണി മൂലധനത്തിൽ 3.37 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായപ്പോൾ, കഴിഞ്ഞ രണ്ട് ട്രേഡിങ് സെഷനുകളിലായി വിപണി മൂലധനത്തിൽ 4.17 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ഫോർബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി വെള്ളിയാഴ്ച ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2022 ഡിസംബർ ഒന്നിന്, അദാനി ഗ്രൂപ്പ് കമ്പനികളിലുടനീളം എൽഐസി അതിന്റെ ഹോൾഡിങ് വർധിപ്പിച്ചതെങ്ങനെയെന്ന് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. 2020 സെപ്തംബറിനും 2022 ഡിസംബറിനുമിടയിൽ, എൽഐസി അതിന്റെ ഹോൾഡിങ് ഗണ്യമായി വര്‍ധിപ്പിച്ചു.

  • അദാനി എന്റർപ്രൈസസിന്റെ ഒരു ശതമാനത്തിൽ താഴെയുള്ള എൽഐസിയുടെ ഓഹരി 4.23 ശതമാനമായി ഉയർന്നു.
  • അദാനി ടോട്ടൽ ഗ്യാസിൽ ഒരു ശതമാനത്തിൽ താഴെയായിരുന്നത് 5.96 ശതമാനമായി ഉയർന്നു.
  • അദാനി ട്രാൻസ്മിഷനിൽ എൽഐസി ഓഹരി പങ്കാളിത്തം 2.42 ശതമാനത്തിൽ നിന്ന് 3.65 ശതമാനമായി ഉയർന്നു.
  • അദാനി ഗ്രീൻ എനർജിയിൽ ഒരു ശതമാനത്തിൽ താഴെയായിരുന്നത് 1.28 ശതമാനമായി ഉയർന്നു.

വാസ്തവത്തിൽ, അദാനി ഗ്രൂപ്പ് സ്റ്റോക്കുകളുടെ ഷെയർഹോൾഡിങ്ങിലെ ഗണ്യമായ വര്‍ധനവിനെ തുടര്‍ന്ന്, 2020 സെപ്തംബർ മുതൽ അദാനി ഗ്രൂപ്പ് കമ്പനികളിലെ എൽഐസിയുടെ ഹോൾഡിങ്ങിന്റെ മൂല്യം 10 മടങ്ങ് വർധിച്ചു. വെറും 7,304 കോടി രൂപയിൽ നിന്ന് 72,193 കോടി രൂപയായി. വെള്ളിയാഴ്ച ഇത് 55,565 കോടിയായി കുറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: The collateral govt owned lics adani share value dips 22