കാഠ്ണ്ഡു: ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കയറാനെത്തി പാതിവഴിയില്‍ മരിച്ച് വീണ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ നേപ്പാള്‍ അധികൃതര്‍. കാറ്റും തണുപ്പും കൊണ്ട് അസ്ഥികൂടം കാണാവുന്നത്രയും മൃതദേഹങ്ങള്‍ അഴുകി പോയിട്ടുണ്ട്. കാഠ്മണ്ഡു മോര്‍ച്ചറിയിലാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുളളത്. രണ്ടാഴ്ച്ച മുമ്പാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മരിച്ച പര്‍വതാരോഹകര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയുന്നത് വലിയ വെല്ലുവിളിയാണെന്ന് പൊലീസും സര്‍ക്കാര്‍ അധികാരികളും സമ്മതിക്കുന്നുണ്ട്. തിരിച്ചറിഞ്ഞ് കഴിഞ്ഞാല്‍ മാത്രമെ മൃതദേഹാവശിഷ്ടങ്ങള്‍ അവരവരുടെ രാജ്യത്തേക്ക് തിരികെ അയക്കാന്‍ കഴിയുകയുളളു. എത്ര നാളുകള്‍ക്ക് മുമ്പാണ് ഇവര്‍ മരിച്ചതെന്നും സ്ഥിരീകരിക്കാനായിട്ടില്ല.
Read More: എവറസ്റ്റ് കൊടുമുടിയില്‍ ‘തിക്കും തിരക്കും’; ഇന്ത്യക്കാരടക്കം ഏഴു പേര്‍ മരിച്ചു
ഇപ്പോള്‍ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് ആരാണെന്ന് തിരിച്ചറിയാനുളള ശ്രമത്തിലാണ് പൊലീസ്. ഈ വര്‍ഷം 381 പേര്‍ക്കാണ് നേപ്പാള്‍ പര്‍വതാരോഹണത്തിന് അനുമതി നല്‍കിയത്. മോശം കാലാവസ്ഥ കാരണം പര്‍വതാരോഹണത്തിന്റെ ദിവസം ചുരുക്കിയത് കാരണം വലിയോ തോതിലുളള തിരക്കാണ് അനുഭവപ്പെട്ടത്. അത്കൊണ്ട് തന്നെ ആരൊക്കെയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുക വെല്ലുവിളിയാണ്. പർവ്വതാരോഹണത്തിന് സഹായിക്കുന്ന കമ്പനിയായ പീക്ക് പ്രൊമോഷണല്‍ ഹൈക്കിങ് കമ്പനിയില്‍ നിന്ന് സഞ്ചാരികളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു.
നിരവധി പേരാണ് ഈ സീസണില്‍ എവറസ്റ്റില്‍ മരിച്ചത്. മാർച്ചിലാണ് പർവ്വതാരോഹണത്തിന്റെ സീസൺ ആരംഭിക്കുന്നത്. ഇത് മെയ് അവസാനത്തോടെ തീരും. സാധാരണ ഇക്കാലയളവിൽ ആറ് പേരാണ് ശരാശരി മരിക്കാറുള്ളത്. കഴിഞ്ഞ സീസണില്‍ ഇത് പത്തായിരുന്നു. അത്യാധുനിക പർവ്വതാരോഹണ ഉപകരണങ്ങൾ ഉണ്ടായിട്ടും കൂടുതൽ പേർ മരിച്ചത് പ്രതികൂല കാലാവസ്ഥ കാരണമാണ്. 2014 ലും 2015 ലും എല്ലാ തരത്തിലും പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന് ഒട്ടനേകം പേർക്ക് അനുമതി നിഷേധിച്ചിരുന്നു.2014 പർവ്വതാരോഹണത്തിന് അവസരം ലഭിക്കാതിരുന്നവർക്ക് 2019 വരെ എപ്പോൾ വേണമെങ്കിലും കയറാൻ അവസരം ഉണ്ട്. ഇതാണ് തിരക്കിന് കാരണമായത്.