കാലിഫോർണിയ: തെക്കൻ കാലിഫോർണിയയിൽ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങളുണ്ടായി. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
മൊജാവേ മരുഭൂമി മുതൽ പസഫിക് തീരം വരെയുള്ള ആളുകൾക്ക് ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. രണ്ടു ദശകങ്ങൾക്കിടയിൽ ആദ്യമായാണ് ഈ മേഖലയിൽ ഇത്രയും ശക്തമായ ഭൂചലനം അനുഭവപ്പെടുന്നത്. കെട്ടിടങ്ങള്‍, റോഡ്, ഗ്യാസ് ലെയിന്‍ എന്നിവയ്ക്ക് കേടുപാട് പറ്റിയതിനെ തുടര്‍ന്ന് പലയിടത്തും തീപിടിത്തവും ഉണ്ടായി. അഗ്നിശമനാ സേനയും മെഡിക്കല്‍ വിഭാഗവും സജ്ജരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ലൊസാഞ്ചൽസിന് 240 കിലോമീറ്റർ വടക്കുകിഴക്ക് റിഡ്ഗെക്രസ്റ്റിനു സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിഡ്ഗെക്രസ്റ്റ് റീജണൽ ഹോസ്പിറ്റലിൽനിന്നും ആളുകളെ ഒഴിപ്പിച്ചു. പട്ടണത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി മേയർ പെഗ്ഗി ബ്രീഡൻ അറിയിച്ചു. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും മേയർ പറഞ്ഞു.