ന്യൂഡൽഹി: ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തിന്റെ സംവിധായകനും പഞ്ചസാര വ്യവസായി രത്നാകർ ഗുട്ടെയുടെ മകനുമായ വിജയ് രത്നാകർ ഗുട്ടെയെ ജിഎസ്‌ടി വിഭാഗം അറസ്റ്റ് ചെയ്തു. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട് 34 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കുറ്റം.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങായി അനുപം ഖേര്‍

ജിഎസ്‌ടി ഡയറ്കടർ ജനറൽ മുംബൈയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യാജ ബില്ലുകൾ സമർപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വിആർജി ഡിജിറ്റൽ കോർപ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് കേസ്. ഇത് വിജയ് രത്നാകർ ഗുട്ടെയുടെ ഉടമസ്ഥതയിലുളളതാണ്.

170 കോടിയുടെ തട്ടിപ്പ് നടത്തിയതിന് ജിഎസ്‌ടി വിഭാഗത്തിന്റെ നോട്ടപ്പുളളിയായിരുന്ന ഹൊറൈസൺ ഔട്ട്സോർസ് സൊല്യൂഷൻസിന്റെ ഇടപാടുകൾ പരിശോധിച്ചപ്പോഴാണ് വിജയ് രത്നാകർ ഗുട്ടെയ്ക്കും തട്ടിപ്പിൽ പങ്കുണ്ടെന്ന് വ്യക്തമായത്. ഹൊറൈസൺ ഔട്ട്സോർസ് സൊല്യൂഷൻസിന്റെയും ബെസ്റ്റ് കംപ്യൂട്ടർ സൊല്യൂഷൻസിന്റെയും പ്രതിനിധികളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.

നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു; മോദിയാകുന്നത് അക്ഷയ് കുമാർ?

വ്യാജ ബില്ലുകൾ സമർപ്പിച്ച് കേന്ദ്ര വാറ്റ് നികുതിയായി അടച്ച 28 കോടി രൂപ വിജയ് രത്നാകർ ഗുട്ടെയുടെ കമ്പനി സർക്കാരിൽ നിന്നും തട്ടിയെടുത്തതായി കോടതി രേഖകൾ പറയുന്നു. ജിഎസ്‌ടി നിയമത്തിലെ 132(1)(c) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അനുപം ഖേര്‍ മന്‍മോഹൻ സിങാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചർച്ചയാകുന്നു

വിജയ് രത്നാകർ ഗുട്ടെ ഇതുവരെ മൂന്ന് ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇമോഷണൽ അത്യാചാർ, ടൈം ബരാ വെയ്റ്റ്, ബദ്‌മാഷിയാൻ എന്നിവയാണിവ. ഇദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ. സഞ്ജയ ബാറുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ നിശിതമായി വിമർശിക്കുന്ന ചിത്രത്തിൽ അനുപം ഖേറാണ് മൻമോഹൻ സിങ്ങായി വേഷമിടുന്നത്.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രസ് സെക്രട്ടറിയായിരുന്നു സഞ്ജയ ബാറു. 2004 മെയ് മാസം മുതൽ 2008 ഓഗസ്റ്റ് വരെയാണ് ഇദ്ദേഹം ഈ ചുമതലയിലുണ്ടായിരുന്നത്.

അനുപം ഖേര്‍ ചിത്രത്തില്‍ സോണിയ ഗാന്ധിയായി വേഷമിടുന്നത് ജര്‍മ്മന്‍ നടി

പിന്നീട് 2014 ലാണ് ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ഇദ്ദേഹത്തിന്റെ പുസ്തകം പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയത്. സോണിയ ഗാന്ധിയുടെ പൂർണ്ണ നിയന്ത്രണത്തിലാണ് മൻമോഹൻ സിങ് എന്ന് വിമർശിച്ച പുസ്തകത്തെ വെറും ഭാവനാസമ്പന്നമായ നോവൽ എന്നാണ് മൻമോഹൻ സിങ് വിശേഷിപ്പിച്ചത്.

ഒരൊറ്റ ഫ്രെയിമില്‍ രാഷ്ട്രീയ കഥാപാത്രങ്ങള്‍; ‘ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ പോസ്റ്റര്‍

ഡിസംബറിലാണ് ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം വിജയ് ഗുട്ടെയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വിജയ് ഗുട്ടെയുടെ പിതാവ് രത്നാകർ ഗുട്ടെയുടെ സ്ഥാപനങ്ങൾക്കെതിരെ 5500 കോടിയുടെ ബാങ്ക് വായ്‌പ തട്ടിപ്പ് കേസുകൾ ഉയർന്നുവന്നിട്ടുണ്ട്. 22 വ്യാജ കമ്പനികളുടെ പേരിൽ 26000 കർഷകരെയും ബാങ്കുകളെയും പറ്റിച്ചുവെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ധനഞ്ജയ് മുണ്ടെ പറഞ്ഞിട്ടുണ്ട്.

രത്നാകർ ഗുട്ടെ നേരത്തെ ബിജെപിയുടെ സ്ഥാനാർത്ഥിയായി മഹാരാഷ്ട്രയിൽ നിന്ന് ജനവിധി തേടിയിട്ടുണ്ട്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഗംഗാഖേദ് മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം ജനവിധി തേടിയത്. പക്ഷെ മത്സരത്തിൽ ഇദ്ദേഹം പരാജയപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ