ലണ്ടന്‍: കഴിഞ്ഞ ദിവസമാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാച്ഛാദനം ചെയ്തത്. നര്‍മ്മദ നദിയുടെ തീരത്തുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ ലോക ടൂറിസം ഭൂപടത്തിലടക്കം ഇന്ത്യയ്ക്ക് അഭിമാനമായി മാറുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രത്തിന്റെയും അവകാശവാദം. എന്നാല്‍ പ്രതിമയുടെ ഉദ്ഘാടനം കഴിഞ്ഞ് നാളുകള്‍ മാത്രം പിന്നിടുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ ബ്രിട്ടനില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന രാജ്യത്ത് 3000 കോടിയോളം രൂപ ചിലവഴിച്ച് പ്രതിമ നിര്‍മ്മിച്ചത് ശരിയായില്ലെന്നാണ് വിമര്‍ശനം. ബ്രിട്ടിഷ് എംപി പീറ്റര്‍ ബോണ്‍, ബ്രിട്ടണ്‍ ഇന്ത്യക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്. 3000 കോടി രൂപയുടെ പ്രതിമ നിര്‍മ്മിക്കാന്‍ ശേഷിയുള്ള രാജ്യത്തിന് ബ്രിട്ടണ്‍ എന്തിനാണ് സാമ്പത്തിക സഹായം നല്‍കുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

”അവര്‍ നമ്മളില്‍ നിന്നും 1.1 ബില്യണ്‍ പൗണ്ട് കടം വാങ്ങുകയും അതേസമയം തന്നെ 3000 കോടിയുടെ പ്രതിമ നിര്‍മ്മിക്കുകയും ചെയ്യുന്നു. ആളുകളെ ഭ്രാന്തുപിടിപ്പിക്കുന്ന വിവരക്കേടല്ലേ അത്. ഇതില്‍ നിന്നും വ്യക്തമാകുന്നത് നമ്മള്‍ ഇന്ത്യയ്ക്ക് പണം നല്‍കരുതെന്നാണ്. അവര്‍ പണം എങ്ങനെ ചെലവിടുന്നു എന്നത് അവരുടെ തീരുമാനമാണ്. പക്ഷെ ഇത്രയും പണം മുടക്കി പ്രതിമയുണ്ടാക്കാന്‍ സാധിക്കുമെങ്കില്‍ സാമ്പത്തിക സഹായം ആവശ്യമില്ലാത്ത രാജ്യമാണ്” പീറ്റര്‍ പറയുന്നു.

സ്ത്രീ സംരക്ഷണത്തിനും സോളര്‍ പാനലുകളുടെ നിര്‍മ്മാണത്തിനും മറ്റുമായാണ് ഇന്ത്യക്ക് ബ്രിട്ടണ്‍ സാമ്പത്തിക സഹായം നല്‍കിവരുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2012 കാലയളവിലാണ് പട്ടേലിന്റെ പ്രതിമ ഇത്തരത്തില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഒരുക്കിയത്. പിന്നീട് പ്രധാനമന്ത്രിയായപ്പോള്‍ അത് നടപ്പാക്കുകയായിരുന്നെന്ന് പീറ്റര്‍ ബോണ്‍ പറഞ്ഞു. ഡെയ്‌ലി മെയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook