scorecardresearch

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ശശി തരൂര്‍

രാജസ്ഥാനിലെ സംഭവങ്ങളില്‍ അശോക് ഗെലോട്ടിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി

രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുറച്ച് ശശി തരൂര്‍

കൊച്ചി:കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി ശശി തരൂര്‍ എം.പി. ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. അധ്യക്ഷസ്ഥാനത്തേക്ക് ആര്‍ക്കും മത്സരിക്കാം. അത് കോണ്‍ഗ്രസിന്റെ ജനാധിപത്യത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അധ്യക്ഷ തിരഞ്ഞെടുപ്പിലേക്കുള്ള താന്‍ നാമനിര്‍ദേശ പത്രിക വാങ്ങിയിട്ടുണ്ട്. പത്രിക വാങ്ങിയെങ്കിലും അത് ഒപ്പിട്ടു കൊടുത്താലല്ലേ സ്ഥാനാര്‍ത്ഥിയാകുകയുള്ളൂ. അതിനുശേഷം മാധ്യമങ്ങളുമായി സംസാരിക്കാമെന്ന് ശശി തരൂര്‍ പറഞ്ഞു. ഭൂരിഭാഗം പ്രവര്‍ത്തകരും താന്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍നിന്നും പിന്തുണയുണ്ടാകും. ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കളും മത്സരിക്കുന്നതില്‍ ഒരു പ്രശ്നവുമില്ലെന്ന് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ഥികളെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ 30ന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജസ്ഥാനിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രതികരണത്തിന് തരൂര്‍ തയ്യാറായില്ല.

ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ മത്സരിക്കണം, ആര് എതിരാളി ആയാലും. പല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. പാര്‍ട്ടിക്കകത്ത് വലിയ ജനാധിപത്യം ഉണ്ടാകുന്നത് നല്ലതാണ്. വേറെ പാര്‍ട്ടിയിലൊന്നും ഇതു കാണാനില്ലല്ലോ. ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് താത്പര്യമുണ്ടെന്നും തരൂര്‍ പറഞ്ഞു.

റിബല്‍ സ്ഥാനാര്‍ത്ഥിയായിട്ടാണോ മത്സരരംഗത്തുണ്ടാകുക എന്ന ചോദ്യത്തിന്, നോമിനേഷന്‍ പേപ്പര്‍ കാണുമ്പോള്‍ തന്റെ പിന്തുണ കാണാന്‍ സാധിക്കുമെന്ന് തരൂര്‍ പറഞ്ഞു. അല്ലെങ്കില്‍ താന്‍ ഇറങ്ങില്ല. ഇന്ത്യയിലെ മുക്കാലും സംസ്ഥാനങ്ങളില്‍ നിന്നും പിന്തുണ കിട്ടുമ്പോഴേ താന്‍ മത്സരത്തിന് ഇറങ്ങുകയുള്ളൂ. അത്രത്തോളം ആളുകള്‍ വിളിച്ച് തന്നോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

അതേസമയം രാജസ്ഥാനിലെ സംഭവങ്ങളില്‍ അശോക് ഗെലോട്ടിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി.കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അപമാനിക്കുന്നതായി രാജസ്ഥാനില്‍ ഗെലോട്ടിന്റെ നീക്കങ്ങളെന്നാണ് ആരോപണം. ഗെലോട്ടിനെ കോണ്‍ഗ്രസ് പ്രസിഡന്റ് ആക്കരുതെന്നാണ് ആവശ്യമുയരുന്നത്. എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും അശോക് ഗെലോട്ടിനെ മാറ്റണമെന്നും ആവശ്യപ്പെടുന്നു. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളാക്കിയത് ഗെലോട്ടാണെന്നും അദ്ദേഹത്തെ എഐസിസി പ്രസിഡന്റാക്കരുതെന്നുമാണ് ആവശ്യം. ഗെലോട്ടിന് പകരം രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാഹുലും സോണിയയും നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ സച്ചിനെ അംഗീകരിക്കാനാകില്ലെന്നും പ്രവര്‍ത്തകരുടെ മനസ് പറയുന്നതിനസരിച്ച് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ടാണ് ഗെലോട്ട് പക്ഷ എംഎല്‍എമാര്‍ രാജി നല്‍കിയത്. അതേസമയം കോണ്‍ഗ്രസ് കേന്ദ്ര നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അജയ് മാക്കനെയും ഹൈക്കമാന്‍ഡ് തിരികെ വിളിച്ചു. അശോക് ഗെലോട്ടിനേയും, സച്ചിന്‍ പൈലറ്റിനേയും ഡല്‍ഹിക്ക് വിളിപ്പിച്ചിട്ടുണ്ടെന്നുമാണ് റിപോര്‍ട്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Tharoor will contest for the post of congress president