ന്യൂഡൽഹി: സുനന്ദ പുഷ്‌പകർ കേസിൽ ശശി തരൂർ എംപിക്ക് മുൻകൂർ ജാമ്യം കിട്ടിയതിനെ പരിഹസിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ശശി തരൂരിന് ഇനി ഇന്ത്യ വിട്ട് വിദേശത്ത് ‘അവിടെയും ഇവിടെയുമുളള എല്ലാ കാമുകിമാരേയും കാണാന്‍ കഴിയില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ എഎന്‍ഐയോട് ആയിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.

ചില വ്യവസ്ഥകളോടെയാണ് കോടതി ശശി തരൂരിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ശശി തരൂരിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിൽ ജാമ്യത്തിൽ വിടണം. ഒരു കാരണവശാലും രാജ്യം വിട്ടു പോകാൻ പാടില്ല. പാസ്‌പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാക്കണം. അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണം. വിദേശത്ത് പോകേണ്ട സാഹചര്യത്തിൽ കോടതിയുടെ മുൻകൂർ അനുമതി നേടണമെന്നും വ്യവസ്ഥയുണ്ട്. ഇതിനെ പരിഹസിച്ചായിരുന്നു സുബ്രഹ്മണ്യൻ‍ സ്വാമിയുടെ വാക്കുകള്‍.

കേസിൽ ജൂലൈ ഏഴിന് നേരിട്ട് ഹാജരാകാൻ ശശി തരൂരിന് പാട്യാല ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മുൻകൂർ ജാമ്യം തേടി ശശി തരൂർ കോടതിയിൽ അപേക്ഷ നൽകിയത്. ജൂലൈ ഏഴിന് ശശി തരൂർ നേരിട്ട് ഹാജരാകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.

വിഷാദ രോഗത്തിനുളള ഗുളികകൾ അധികമായി കഴിച്ചാണ് സുനന്ദ പുഷ്‌കർ ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. അതേസമയം, തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കേസിൽ പ്രതി ചേർത്തിട്ടുളളത്. ദക്ഷിണ ഡൽഹിയിലെ ലീല ഹോട്ടലിൽ 2014 ജനുവരി 17 നാണ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ