യെച്ചൂരിയുടെ നിയമപോരാട്ടം വിജയിച്ചു; തരിഗാമിയെ എയിംസിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സുപ്രീം കോടതിയിൽ ഹേബിയസ് ഹർജി ഫയൽ ചെയ്തിരുന്നു

Sitaram Yechury, സീതാറാം യെച്ചൂരി, Yousuf Tarigami, യൂസഫ് തരിഗാമി, Jammu Kashmir, ജമ്മു കശ്മീർ, Central Government, കേന്ദ്ര സർക്കാർ, Article 370, ആർട്ടിക്കിൾ 370, Supreme Court, സുപ്രീം കോടതി, iemalayalam, ഐഇ മലയാളം

ന്യൂഡൽഹി: ജമ്മു കശ്മീരില്‍ നിന്നുള്ള എംഎല്‍എയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കുന്നതുമായി ബന്ധപ്പെട്ടാണ് തരിഗാമിയെ വീട്ടുതടങ്കലിലാക്കിയത്. തരിഗാമിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. യെച്ചൂരി നടത്തിയ നിയമപോരാട്ടമാണ് തരിഗാമിയെ എയിംസിലേക്ക് മാറ്റാന്‍ കാരണമായത്.

കുൽഗാമിൽ നിന്ന് നാല് തവണ എംഎൽഎയായ സിപിഎമ്മിന്റെ കരുത്തനായ നേതാവാണ് തരിഗാമി. വീട്ടുതടങ്കലിലുള്ള തരിഗാമിയെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യെച്ചൂരി ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്. തരിഗാമിയെ കാണാൻ യെച്ചൂരിക്ക് സുപ്രീം കോടതി അനുമതി നൽകുകയും ചെയ്തു. ഓഗസ്റ്റ് 29 നാണ് യെച്ചൂരി കശ്മീരിലെത്തിയത്. ഓഗസ്റ്റ് അഞ്ചിന് ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്ക് ശേഷം ആദ്യമായി കശ്മീരിലെത്തിയ ദേശീയ രാഷ്ട്രീയ നേതാവ് കൂടിയാണ് യെച്ചൂരി.

തരിഗാമിയെ കാണാൻ കശ്മീരിലെത്തിയ യെച്ചൂരി ഒരു ദിവസം അവിടെ തന്നെ തങ്ങി. കശ്മീർ സന്ദർശനത്തിന് ശേഷം സുപ്രീം കോടതിയിൽ യെച്ചൂരി റിപ്പോർട്ട് നൽകിയിരുന്നു. തരിഗാമിയുടെ ആരോഗ്യനിലയെ കുറിച്ച് യെച്ചൂരി ആശങ്ക പ്രകടിപ്പിച്ചു. 72 വയസ്സുള്ള തരിഗാമിയുടെ ആരോഗ്യനില മോശമാണെന്നാണ് യെച്ചൂരി കശ്മീർ സന്ദർശനത്തിന് ശേഷം പറഞ്ഞത്. ഇതെല്ലാം പരിഗണിച്ചാണ് സുപ്രീം കോടതിയുടെ പുതിയ ഇടപെടൽ. യെച്ചൂരി നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്.

Read Also: ഓഗസ്റ്റ് അഞ്ചിന് ശേഷം കശ്മീരിലെത്തുന്ന ആദ്യ ദേശീയ നേതാവ്; യെച്ചൂരി തരിഗാമിയുടെ വീട്ടില്‍

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് യെച്ചൂരിക്ക് കശ്മീര്‍ സന്ദര്‍ശിക്കാന്‍ അനുവാദം ലഭിച്ചത്. നേരത്തെ രണ്ട് തവണ യെച്ചൂരിയെ ശ്രീനഗറില്‍ നിന്ന് മടക്കി അയച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 നീക്കിയതിനു ശേഷം രണ്ട് തവണ യെച്ചൂരി കശ്മീരിലെത്തിയിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അതിനെ എതിര്‍ത്തു. രണ്ട് തവണയും യെച്ചൂരിക്ക് തിരിച്ചുപോരേണ്ടി വന്നു. രണ്ടാം തവണ യെച്ചൂരി കശ്മീരിലെത്തിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പമായിരുന്നു. എന്നാല്‍, പ്രതിപക്ഷ സംഘത്തെ മുഴുവന്‍ ശ്രീനഗറില്‍ തടയുകയും പിന്നീട് അവിടെ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യെച്ചൂരി സുപ്രീം കോടതിയില്‍ നിയമപോരാട്ടം നടത്തിയത്.

ഗുപ്‌കാർ റോഡിലെ ഔദ്യോഗിക വസതിയിൽ വീട്ടുതടങ്കലിലാണ്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ തരിഗാമി. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയാണ് യെച്ചൂരിക്ക് സുപ്രീംകോടതി സന്ദര്‍ശനാനുമതി നല്‍കിയത്. തരിഗാമിയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോർപസ് ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.

Read Also: പുറംലോകവുമായി ബന്ധപ്പെടാനാകാതെ തരിഗാമി; കശ്മീരിലെ അവസ്ഥ സര്‍ക്കാര്‍ വാദങ്ങള്‍ക്ക് വിപരീതമെന്ന് യെച്ചൂരി

കശ്മീരില്‍ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നതിനായി ആരോടും സംസാരിക്കാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് യെച്ചൂരി പറഞ്ഞു. ”മറ്റാരേയും കാണാന്‍ ഞങ്ങളെ അനുവദിച്ചില്ല. അതുകൊണ്ട് തന്നെ സാഹചര്യം പഠിക്കാന്‍ സാധിക്കുമായിരുന്നില്ല. റോഡില്‍ നിന്നും കണ്ടത് അനുസരിച്ച് സര്‍ക്കാര്‍ പറയുന്ന സാഹചര്യമല്ല അവിടെ.” – യെച്ചൂരി പറഞ്ഞു.

”തരിഗാമിയെ രണ്ട് തവണ കണ്ടു. വ്യാഴാഴ്ചയും വെള്ളിയാഴ്ച രാവിലെയും. വെള്ളിയാഴ്ച കണ്ടത് ഡോക്ടര്‍മാര്‍ക്കൊപ്പമായിരുന്നു. ഞങ്ങള്‍ ഇന്നലെ വൈകിട്ട് തന്നെ തിരിച്ച് വരണമെന്നായിരുന്നു അധികൃതര്‍ക്ക്. പക്ഷെ ഞങ്ങള്‍ അവിടെ തന്നെ നിന്നു. ഞങ്ങളെ ഒരു ഗസ്റ്റ് ഹൗസിലാണ് താമസിപ്പിച്ചത്. ആരേയും കാണാനോ പുറത്ത് കടക്കാനോ അനുവദിച്ചില്ല. ഇന്ന് രാവിലെ സുരക്ഷാ അകമ്പടിയോടെ ഞങ്ങളെ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. അവിടുത്തെ സ്ഥിതി സര്‍ക്കാര്‍ അവകാശപ്പെടുന്നതല്ല” അദ്ദേഹം പറയുന്നു.

”മറ്റ് വിവരങ്ങള്‍ കണ്ടെത്താന്‍ എന്നെ അനുവദിച്ചില്ല. യൂസുഫിന്റെ അടുത്തു നിന്നും അതീവ സുരക്ഷയിലാണ് ഞങ്ങളെ ഗസ്റ്റ് ഹൗസിലേക്ക് എത്തിച്ചത്. പക്ഷെ, അവര്‍ പറയുന്നതിന് നേര്‍ വിപരീതമാണ് കാര്യങ്ങള്‍. ഞാന്‍ കണ്ടതും അനുഭവങ്ങളും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും” യെച്ചൂരി വ്യക്തമാക്കി.

”എയിംസിന്റെ മേല്‍നോട്ടത്തിലാണ് തരിഗാമിയുടെ ചികിത്സ നടക്കുന്നത്. അദ്ദേഹം കുടുംബത്തോടൊപ്പം വീട്ടുതടങ്കലിലാണ്. ആര്‍ക്കും പുറത്ത് പോകാനോ അകത്ത് വന്ന് അദ്ദേഹത്തെ കാണാനോ സാധിക്കില്ല. ഞങ്ങള്‍ അദ്ദേഹത്തെ കണ്ടതിനാല്‍ ഉടനെ തിരികെ പോകണമെന്നാണ് അവര്‍ പറഞ്ഞത്.” അദ്ദേഹം പറഞ്ഞു.

Web Title: Tharigami will shift to aiims delhi supreme court orders

Next Story
ചിദംബരത്തിന് തിരിച്ചടി; മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതിChidambaram, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com