ന്യൂഡല്‍ഹി: മാതാപിതാക്കളുടെ ഏഴ് വര്‍ഷം നീണ്ട വൈവാഹിക തര്‍ക്കം തീര്‍ത്ത സുപ്രിംകോടതിക്ക് നന്ദി അറിയിച്ച് 10 വയസുകാരന്റെ കത്ത്. ജസ്റ്റിസ് കുര്യന്‍ ജോസഫ്, മോഹന്‍ എം ശാന്തനഗൗഢര്‍ എന്നവരുടെ ബഞ്ചാണ് 23 കേസുകള്‍ ഒത്തുതീര്‍പ്പാക്കി തര്‍ക്കം തീര്‍ത്തത്. തന്റെ കൈപ്പടയില്‍ എഴുതിയ ഒരു കത്താണ് കുട്ടി കോടതിക്ക് അയച്ചത്.

ഏറെ മൂല്യമുളള പ്രശംസയാണ് ഇതെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു. മാതാപിതാക്കള്‍ തമ്മിലുളള തര്‍ക്കത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം പരിഹാരം കണ്ടതിനാണ് കുട്ടി നന്ദി അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വികാരനിര്‍ഭരമാണ് ആ കാര്‍ഡിലെ വരികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദൈവം നിങ്ങള്‍ക്ക് വേണ്ടി ചിലത് കരുതി വെച്ചിട്ടുണ്ട്: എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനുളള താക്കോല്‍, എല്ലാ നിഴലുകളും തെളിക്കാനുളള വെളിച്ചം, എല്ലാ വിഷമത്തില്‍ നിന്നുമുളള ആശ്വാസം, ഓരോ നാളേയ്ക്കും വേണ്ടിയുളള ഉപായവും’, ഇതായിരുന്നു കുട്ടി കാര്‍ഡില്‍ എഴുതിയത്.

1997 മാര്‍ച്ച് മാസം വിവാഹിതരായ കുട്ടിയുടെ മാതാപിതാക്കള്‍ 2011 മുതല്‍ അകന്ന് ജീവിക്കുകയായിരുന്നെന്ന് ജസ്റ്റിസ് ജോസഫ് പറഞ്ഞു. തുടര്‍ന്നാണ് രണ്ട് കുട്ടികളുടെ മാതാപിതാക്കളായ ഇവര്‍ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഇരുവരും പരസ്പരം ക്രിമിനല്‍-സിവില്‍ കേസുകള്‍ ഫയല്‍ ചെയ്തു. തുടര്‍ന്ന് പ്രശ്നപരിഹാരത്തിനായി കോടതി ഒരു മധ്യസ്ഥനെ നിയമിച്ചെങ്കിലും പ്രശ്നപരിഹാരമായില്ല.

തുടര്‍ന്ന് ഇരുവരോടും കോടതിക്ക് മുമ്പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടു. രണ്ട് ജഡ്ജിമാരും സംസാരിച്ചെങ്കിലും ദമ്പതികള്‍ വിവാഹമോചനം വേണമെന്ന് അറിയിച്ചു. തുടര്‍ന്ന് ഇരുവരുടേയും പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയായിരുന്നു. തുടര്‍ന്ന് പരസ്പരം നല്‍കിയ കേസുകളും പിന്‍വലിച്ചു. വിവാഹമോചനത്തിന് ആറ് മാസം കാത്തിരിക്കണമെങ്കിലും ഇത് പരിഗണിക്കാതെയാണ് കോടതി നടപടിക്രമങ്ങള്‍ വേഗത്തിലാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ