വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപ്. ഇന്ത്യയിൽ നടക്കുന്ന ആഗോള സംരഭകത്വ ഉച്ചകോടിയിൽ യുഎസ് പ്രതിനിധിസംഘത്തെ നയിക്കാൻ ഇവാങ്കയെ നരേന്ദ്ര മോദി ക്ഷണിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ ക്ഷണത്തിന് ഇവാങ്ക നന്ദി പറഞ്ഞത്.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രപിനൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിനിടെയാണ് മോദി ഇവാങ്കയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. മോദിയുടെ ക്ഷണം ഇവാങ്ക സ്വീകരിച്ചെന്നാണ് കരുതുന്നതെന്ന് ഇതിനുപിന്നാലെ ട്രംപ് പറഞ്ഞു. ട്രംപിനെയും കുടുംബത്തെയും ഇന്ത്യ സന്ദർശിക്കാൻ മോദി ക്ഷണിക്കുകയും ചെയ്തു.

അമേരിക്കൻ ബിസിനസ് രംഗത്തെ പ്രമുഖയും മുൻ ഫാഷൻ മോഡലുമാണ് ഇവാങ്ക. പ്രസിഡന്റ് ട്രംപിന്റെ ഉപദേശകരുടെ കൂട്ടത്തിലും 35 കാരിയായ ഇവാങ്കയും ഭർത്താവ് ജറേദ് കുഷ്നറുമുണ്ട്.

അതേസമയം, നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉടൻ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് സൂചന. തീയതിയും സമയവും ഉൾപ്പെടെയുള്ള വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. മോദിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യ സന്ദർശിക്കാമെന്ന് ട്രംപ് സമ്മതിച്ചതായി വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ