ബാങ്കോക്ക്: വടക്കൻ തായ്ലൻഡില് വെളളം നിറഞ്ഞ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ യൂത്ത് ഫുട്ബോൾ ടീമിനെ കണ്ടെത്താനുള്ള ശ്രമം രണ്ടാം ദിവസവും തുടരുന്നു. ബാങ്കോക്കിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയിലാണ് 11നും 16നും ഇടയില്‍ പ്രായമുള്ള 12 ആൺകുട്ടികളും പരിശീലകനും കുടുങ്ങിക്കിടക്കുന്നത്. ഇവർ ജീവനോടെയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ശനിയാഴ്ച വൈകുന്നേരം ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചുമാണ് കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴമൂലം ഗുഹാമുഖത്തു വെള്ളവും ചെളിയും അടിഞ്ഞു മൂടിയതോടെ കുട്ടികളും കോച്ചും അകത്ത് കുടുങ്ങുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താൻ നീന്തൽ വിദഗ്ധരുടെ സഹായം തേടിയെങ്കിലും ഫലപ്രദമായില്ല.
കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഗുഹയില്‍ വെള്ളം അധികം കയറാത്ത സ്ഥലത്താണ് ഫുട്ബോള്‍ ടീം ഉള്ളതെന്നാണ് വിവരം. അങ്ങോട്ട് എത്താനുളള ശ്രമമാണ് നടത്തുന്നതെന്ന് ഷിയാങ് റായ് പ്രവിശ്യാ ഡപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. ‘ഇനിയും മൂന്ന് കിലോമീറ്ററോളം ദൂരം പിന്നിട്ട് മാത്രമാണ് ഈ സ്ഥലത്ത് എത്തുക. എന്നാല്‍ വെള്ളവും ചളിയും കാരണം അപകടകരമായ സാഹചര്യമാണ്. ശനിയാഴ്ച മുതല്‍ ഒന്നും കഴിക്കാതിരുന്ന ഇവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിച്ച് നല്‍കിയിട്ടുണ്ട്’, അദ്ദേഹം വ്യക്തമാക്കി.
ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികള്‍ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടീം ഗുഹയില്‍ കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ദിവസങ്ങളായി തുടരുന്ന മഴ കാരണം പ്രദേശം വെളളത്തിനടിയിലാണ്. ഗുഹയുടെ പുറത്ത് കുട്ടികളുടെ സൈക്കിളുകളും ബൂട്ടുകളും കണ്ടെത്തിയതാണ് നിര്‍ണായകമായത്.