ബാങ്കോക്ക്: തായ്‌ലൻഡിൽ ഗുഹയ്‌ക്കുളളിൽ കുടുങ്ങിയ ഫുട്ബോൾ ടീമിലെ നാല് കുട്ടികളെ പുറത്തെത്തിച്ചതായി ഔദ്യോഗിക സ്ഥിരീകരണം.നേരത്തെ 6 കുട്ടികളെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രക്ഷാപ്രവർത്തനത്തിലുളള ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 12 കുട്ടികളും ഫുട്ബോൾ പരിശീലകനും അടക്കം 13 പേരാണ് രണ്ടാഴ്ചയോളമായി ഗുഹയ്ക്കുളളിൽ കുടുങ്ങിക്കിടക്കുന്നത്.
ഇവരെ പുറത്തെത്തിക്കാനുളള നിർണായക ദൗത്യം രക്ഷാപ്രവർത്തകർ തുടങ്ങിയിരുന്നു. ഇന്നു പുലർച്ചെയോടെയാണ് രക്ഷാപ്രവർത്തനത്തിന് തുടക്കമായത്. രാജ്യാന്തര മുങ്ങൽ വിദഗ്‌ധരുടെ സംഘം ഗുഹയ്ക്കുളളിലേക്ക് പ്രവേശിച്ചിട്ടുണ്ട്.
The latest picture from the Thailand cave rescue – the first two boys have now been rescued pic.twitter.com/LJNNZZBOYv
— Sky News (@SkyNews) July 8, 2018
തായ് നേവിയിലെ 5 പേരടക്കം 18 പേരടങ്ങിയ രാജ്യാന്തര മുങ്ങൽ വിദഗ്‌ധ സംഘമാണ് ഗുഹയിൽ പ്രവേശിച്ചത്. ബഡ്ഡി ഡൈവിങ്ങിലൂടെ കുട്ടികളെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഓരോ കുട്ടിക്കൊപ്പം ഓരോ മുങ്ങൽ വിദഗ്‌ധൻ നീന്തുന്ന രീതിയാണ് ബഡ്ഡി ഡൈവിങ്. മഴ ശക്തി പ്രാപിക്കും മുൻപ് കുട്ടികളെ പുറത്തെത്തിക്കാനാണ് ശ്രമം.
അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ആംബുലൻസുകളും ഹെലികോപ്ടറുകളും മെഡിക്കൽ സംഘവും സജ്ജമാണ്. ഗുഹയ്ക്കുളളിൽനിന്ന് വെളളം പമ്പ് ചെയ്ത് കളയുന്നത് തുടരുകയാണ്.
ഗുഹയ്ക്ക് അകത്തേക്കുളള വഴികളെല്ലാം ഇടുങ്ങിയതും ദുർഘടമേറിയതുമാണ്. ചില ഭാഗങ്ങളിൽ വായുസഞ്ചാരം കുറവാണ്. കുട്ടികൾ കഴിയുന്ന പാറക്കെട്ടിൽനിന്നുള്ള ഒരു കിലോമീറ്റർ ദൂരമാണ് ഏറ്റവും അപകടം പിടിച്ചത്. വെള്ളവും ചെളിയും നിറഞ്ഞ വീതി കുറഞ്ഞ ഇടുക്കുകൾ ഇവിടെയുണ്ട്. ഇവ താണ്ടുകയാണ് ഏറ്റവും ദുർഘടമേറിയത്. 12 കുട്ടികളെയും കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ 2-4 ദിവസം വേണ്ടിവരുമെന്നാണ് വൃത്തങ്ങൾ പറയുന്നത്.
ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികള്‍ വരാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ടീം ഗുഹയില്‍ കുടുങ്ങിയതായി തിരിച്ചറിഞ്ഞത്. ഗുഹയുടെ പുറത്ത് കുട്ടികളുടെ സൈക്കിളുകളും ബൂട്ടുകളും കണ്ടെത്തിയതാണ് നിര്‍ണായകമായത്.