ബാങ്കോക്ക്: ലോകത്തിന്റെ പ്രാര്‍ത്ഥന രക്ഷാ ദൗത്യ സംഘവും ദൈവവും കേട്ടു. തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിൽ അകപ്പെട്ട 13 പേരും ജീവിതത്തിലേക്ക് തിരികെ എത്തി. 18 ദിവസം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് 12 കുട്ടികളേയും ഒരു ഫുട്ബോള്‍ പരിശീലകനേയും പുറത്തെത്തിച്ചത്.

നീന്തല്‍ വിദഗ്ധരുടെ സംഘവും ഡോക്ടര്‍മാരും ഇവര്‍ക്ക് പിന്നാലെ പുറത്തെത്തി. ഇന്ന് രാവിലെ മുതല്‍ രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാണ് പുരോഗമിച്ചത്. രക്ഷപ്പെടുത്തിയ കുട്ടികളെ ചിയാങ് റായിലെ ആശുപത്രിയിലെത്തിച്ചു. ഏറ്റവും ദുര്‍ബലരായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്. ആംബുലന്‍സുകളും സൈനിക ഹെലികോപ്ടറുകളും മേഖലയില്‍ സജീവമായിരുന്നു. എല്ലാ കുട്ടികളേയും രക്ഷപ്പെടുത്തിയതായി തായ്ലന്‍ഡ് നേവി വിഭാഗം അറിയിച്ചു. എല്ലാവരും സുരക്ഷിതരാണെന്നും ഇവര്‍ അറിയിച്ചു. പ്രദേശത്ത് നിന്നും ആംബുലന്‍സുകളും ലൈറ്റ് സംവിധാനങ്ങളും നീക്കം ചെയ്യാന്‍ ആരംഭിച്ചതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു.

Just got back from Cave 3

A post shared by Elon Musk (@elonmusk) on

കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു. അഞ്ചു തായ് മുങ്ങല്‍ വിദഗ്ധരും 13 രാജ്യന്തര നീന്തല്‍ സംഘത്തിലെ അംഗങ്ങളും അടങ്ങുന്ന 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവര്‍ വീതമുണ്ടായിരുന്നു. ബഡ്ഡി ഡൈവിങ് എന്ന രീതിയാണ് കുട്ടികളെ രക്ഷിക്കാന്‍ സ്വീകരിച്ചത്. ഇടുങ്ങിയ, ദുര്‍ഘടമായ വഴികളാണ് ഗുഹയില്‍ പലയടിത്തും. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിയാണ് കുട്ടികളെ പുറത്തെത്തിച്ചത്. ഗുഹയ്ക്കു പുറത്തു നിന്ന് കുട്ടികൾ ഇരിക്കുന്ന സ്ഥലത്തേയ്‌ക്കെത്താന്‍ ആറു മണിക്കൂറാണ് എടുത്തത്.

പുറത്തെത്തക്കുന്ന കുട്ടിക്കും പരിശീലകനും അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നതിന് 13 ആംബുലന്‍സുകളും ഹെലികോപ്ടറുളും രണ്ടിടങ്ങളിലായി തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടായിരുന്നു. കുട്ടികളുടെ മാതാപിതാക്കളുള്‍പ്പെടെ കുട്ടികളുടെ ചിരികാത്ത് പ്രാര്‍ത്ഥനയോടെ ഇരുന്ന കാത്തിരുപ്പിനാണ് 18 ദിവസത്തിന് ശേഷം വിജയകരമായ വിരാമമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook