ബാങ്കോക്ക്: തായ്‍ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളേയും കൊണ്ട് ദൗത്യസംഘം പുറത്തേക്ക് വരുന്ന വീഡിയോ തായ് നാവിക സേനയുടെ സീല്‍ വിഭാഗം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. നീന്തല്‍ വസ്ത്രവും ശ്വസിക്കാന്‍ ആവശ്യമായ ഉപകരണങ്ങളും ധരിച്ച് പ്രത്യേക ഉപകരണത്തില്‍ കിടത്തിയിരിക്കുന്ന കുട്ടികളില്‍ ചിലര്‍ മയക്കത്തിലാണ് പുറത്തെത്തിയത്. തായ്‌ലന്‍ഡിലേയും വിദേശത്തേയും മുങ്ങല്‍ വിദഗ്‌ധര്‍ പങ്കെടുത്ത ദൗത്യത്തില്‍ കുട്ടികളെ സുരക്ഷിതമായി കയറുകളും മറ്റും ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്.
ആഴമേറിയതും ഇടുങ്ങിയതുമായ താം ലുവാങ് ഗുഹയില്‍ നിന്നും നീന്തല്‍ അറിയാത്തവര്‍ ഉള്‍പ്പെടുന്ന 12 ആണ്‍കുട്ടികളുടെ സംഘത്തെ എങ്ങനെ പുറത്തെത്തിക്കും എന്നത് ദൗത്യസംഘത്തിന് ഏറ്റവും വലിയ വെല്ലുവിളി ഉയര്‍ത്തിയ ചോദ്യമായിരുന്നു. വിരമിച്ച നേവി ഉദ്യോഗസ്ഥന്‍ ശ്വാസം മുട്ടി മരിച്ചതും രക്ഷാപ്രവര്‍ത്തകരുടേയും ലോകത്തിന്റേയും മുമ്പില്‍ ഗുഹയിലെ അപകടത്തെ കുറിച്ചുളള മുന്നറിയിപ്പ് നല്‍കി. കൂരിരുട്ടില്‍ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളില്‍ ഒരാള്‍ക്ക് കഷ്ടി നീങ്ങാന്‍ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിയും, നടന്നും, സ്ട്രെച്ചറില്‍ കിടന്നും നാലു കിലോമീറ്ററുകള്‍ പിന്നിടുകയാണ് ലക്ഷ്യം. രണ്ട് ഡൈവര്‍മാര്‍ കുട്ടികളുടെ ഇരുവശത്തും നില്‍ക്കും, ഒരാള്‍ ഓക്സിജന്‍ ഉപകരണം വഹിക്കും. ഗുഹാമുഖത്ത് നിന്നും അകത്തേക്ക് കെട്ടിയിട്ടിരിക്കുന്ന നീണ്ട കേബിളാണ് വഴികാട്ടി. വെള്ളം ഏറിയ പ്രദേശത്ത് നിന്നും കുട്ടികളെ സ്ട്രെക്ച്ചറില്‍ കിടത്തിയാണ് പുറത്തെത്തിച്ചത്.
രക്ഷാപ്രവര്‍ത്തനത്തിനിടെ ചില കുട്ടികള്‍ മയക്കത്തിലോ മറ്റ് ചിലര്‍ അര്‍ദ്ധബോധാവസ്ഥയിലോ ആയിരുന്നെന്ന് സീല്‍ ഡൈവര്‍ ചൈയാനന്ത പീരാനറോഗ് എഎഫ്പിയോട് പറഞ്ഞു. ‘ചിലര്‍ മയങ്ങുകയായിരുന്നു. ചിലരുടെ കൈവിരലുകള്‍ പിടയ്ക്കുന്നുണ്ടായിരുന്നു, പക്ഷെ അവര്‍ക്ക് എല്ലാവര്‍ക്കും ശ്വാസം ഉണ്ടായിരുന്നു’, അദ്ദേഹം വ്യക്തമാക്കി. ഗുഹയ്ക്ക് പുറത്തേക്കുളള യാത്രയില്‍ കുട്ടികള്‍ പേടിക്കുമോ എന്നതായിരുന്നു ആശങ്ക. അതുകൊണ്ട് കുട്ടികള്‍ക്ക് ആശങ്ക ഉണ്ടാകാതിരിക്കാന്‍ മയക്കുഗുളിക നല്‍കിയാണ് സ്ട്രെക്ച്ചറില്‍ കിടത്തിയതെന്ന് പ്രധാനമന്ത്രി പ്രയുത് ചാന്‍ വെളിപ്പെടുത്തി.
ഇന്നലെ രക്ഷിച്ചവരെയും പ്രഥമശുശ്രൂഷകള്‍ക്കും പരിശോധനയ്‌ക്കുശേഷം ആശുപത്രിയിലേക്കു മാറ്റി. ആദ്യം രക്ഷപ്പെടുത്തിയ എട്ടുപേരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ശാരീരികമായോ മാനസികമായോ ആര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുമില്ലെന്ന് തായ്‌ലന്‍ഡ് പൊതുഭരണമന്ത്രി അറിയിച്ചു.
രണ്ടുപേര്‍ക്കു കഴിഞ്ഞദിവസം ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരടക്കം ആര്‍ക്കും ഇന്നലെ പനിയുടെ ലക്ഷണങ്ങളില്ല. കുട്ടികള്‍ ഒരാഴ്‌ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരും. എല്ലാവരുടേയും ശരീരത്തില്‍ ശ്വേതരക്‌താണുക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. അണുബാധയാണതു സൂചിപ്പിക്കുന്നത്. രണ്ടാഴ്‌ചയിലേറെയുള്ള ഗുഹാവാസമാകാം കാരണം. എല്ലാവര്‍ക്കും ആന്റിബയോട്ടിക് നല്‍കിയിട്ടുണ്ട്.