ബാങ്കോക്ക്: തായ്ലന്റിൽ ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളായ നാല് കുട്ടികളെ കൂടി ഇന്ന് രക്ഷപ്പെടുത്തി. ഇതോടെ ഗുഹയ്ക്ക് അകത്ത് കുടുങ്ങിയ എട്ട് കുട്ടികളെയാണ് പുറത്തെത്തിച്ചത്. ഇന്ന് രക്ഷാപ്രവർത്തനം കൂടുതൽ ശക്തമായി നടത്താൻ സാധിച്ചത് രക്ഷാപ്രവർത്തനത്തിന് ഊർജം പകർന്നു.
ഇനി മൂന്ന് കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാനുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്ന് രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു. എന്നാൽ പിന്നീടിത് പുനരാരംഭിച്ചു. ഞായറാഴ്ച ഗുഹയ്ക്ക് അകത്ത് നിന്ന് നാല് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഗുഹയിൽ ഓക്സിജൻ കുറവായത് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ കാരണമായി.
എട്ടു കിലോമീറ്റർ നീളവും നിരവധി വഴികളും അറകളുമുള്ള തം ലുവാംഗ് ഗുഹ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുക പതിവാണ്. ഈ ഗുഹയ്ക്ക് അകത്ത് ജൂൺ 23നാണ് വൈൽഡ് ബോർ ഫുട്ബോൾ ടീമിലെ 11 മുതൽ 16 വരെ പ്രായമുള്ള കുട്ടികളും ഇരുപത്തിയഞ്ചുകാരനായ കോച്ചും കുടുങ്ങിയത്. കനത്ത മഴയിൽ നിന്ന് രക്ഷ നേടാൻ ഗുഹയിലേക്ക് കയറിയതായിരുന്നു ഇവർ. എന്നാൽ ഗുഹയിലേക്ക് വെളളം കയറിയതോടെ ഇവർ കൂടുതൽ ഉളളിലേക്ക് കടന്നു. ഗുഹാമുഖം മഴയ്ക്ക് പിന്നാലെ അടഞ്ഞതോടെ ഇവർക്ക് പുറത്തേക്ക് കടക്കാനും സാധിച്ചില്ല.
രക്ഷാപ്രവര്‍ത്തനത്തിനിടെ തായ് മുന്‍ നാവികസേനാംഗവും മുങ്ങൽ വിദഗ്ധനുമായ സമാൻ ഗുണാന് പ്രാണവായു കിട്ടാതെ മരിച്ചത് രക്ഷാപ്രവർത്തകരെയാകെ ആശങ്കയിലാഴ്ത്തി. ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധരാണു കഴിഞ്ഞ തിങ്കളാഴ്ച കുട്ടികൾ ഗുഹയ്ക്ക് അകത്താണെന്ന് കണ്ടെത്തിയത്.