ബാ​ങ്കോ​ക്ക്: താ​യ്‌​ല​ന്റിൽ ഗുഹയിൽ അകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളായ നാല് കുട്ടികളെ കൂടി ഇന്ന്  രക്ഷപ്പെടുത്തി. ഇതോടെ ഗുഹയ്ക്ക് അകത്ത് കുടുങ്ങിയ എട്ട് കുട്ടികളെയാണ് പുറത്തെത്തിച്ചത്. ഇന്ന് രക്ഷാപ്രവർത്തനം കൂടുതൽ ശക്തമായി നടത്താൻ സാധിച്ചത് രക്ഷാപ്രവർത്തനത്തിന് ഊർജം പകർന്നു.

ഇനി മൂന്ന് കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാനുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്ന് രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനം തടസപ്പെട്ടിരുന്നു. എന്നാൽ പിന്നീടിത് പുനരാരംഭിച്ചു.  ഞായറാഴ്ച ഗുഹയ്ക്ക് അകത്ത് നിന്ന് നാല് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഗുഹയിൽ ഓക്സിജൻ കുറവായത് രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ കാരണമായി.

എ​ട്ടു കി​ലോ​മീ​റ്റ​ർ നീ​ള​വും നി​ര​വ​ധി വ​ഴി​ക​ളും അ​റ​ക​ളു​മു​ള്ള തം ​ലു​വാം​ഗ് ഗു​ഹ മ​ഴ​ക്കാ​ല​ത്ത് വെ​ള്ള​ത്തി​ൽ മു​ങ്ങു​ക പ​തി​വാ​ണ്. ഈ ഗുഹയ്ക്ക് അകത്ത് ജൂ​ൺ 23നാ​ണ് വൈ​ൽ​ഡ് ബോ​ർ ഫു​ട്ബോ​ൾ ടീ​മി​ലെ 11 മു​ത​ൽ 16 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളും ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ കോ​ച്ചും കുടുങ്ങിയത്. കനത്ത മഴയിൽ നിന്ന് രക്ഷ നേടാൻ ഗുഹയിലേക്ക് കയറിയതായിരുന്നു ഇവർ. എന്നാൽ ഗുഹയിലേക്ക് വെളളം കയറിയതോടെ ഇവർ കൂടുതൽ ഉളളിലേക്ക് കടന്നു. ഗുഹാമുഖം മഴയ്ക്ക് പിന്നാലെ അടഞ്ഞതോടെ ഇവർക്ക് പുറത്തേക്ക് കടക്കാനും സാധിച്ചില്ല.

ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ താ​യ് മു​ന്‍ നാ​വി​ക​സേ​നാം​ഗ​വും മു​ങ്ങ​ൽ വി​ദ​ഗ്ധ​നു​മാ​യ സ​മാ​ൻ ഗു​ണാ​ന്‍ പ്രാ​ണ​വാ​യു കി​ട്ടാ​തെ മ​രി​ച്ച​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​യാ​കെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. ബ്രി​ട്ടീ​ഷ് മു​ങ്ങ​ൽ വി​ദ​ഗ്ധ​രാ​ണു ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച കു​ട്ടി​ക​ൾ ഗുഹയ്ക്ക് അകത്താണെന്ന് കണ്ടെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook