ന്യൂഡൽഹി: ഡൽഹിയിലെ കോവിഡ് പ്രതിരോധ നടപടികൾക്കെതിരെ സുപ്രീം കോടതി ആഞ്ഞടിച്ചതിനു പിന്നാലെ അതിവേഗ ഇടപെടലുമായി കേന്ദ്ര സർക്കാർ. ഡൽഹിയിലെ കോവിഡ് നിയന്ത്രണത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. രാജ്യതലസ്ഥാനത്ത് കോവിഡ് നിയന്ത്രണവിധേയമാക്കാൻ ആവശ്യമായ ഇടപെടലുകൾ കേന്ദ്രസർക്കാർ നടത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ വിളിച്ച ഉന്നതതലയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും യോഗത്തിൽ പങ്കെടുത്തു.

“ഡൽഹിയിൽ കോവിഡ് മഹാമാരി നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും മോദി സർക്കാർ സ്വീകരിക്കും. 500 റെയിൽവെ കോച്ചുകൾ താൽക്കാലിക ആശുപത്രികളാക്കാൻ യോഗത്തിൽ തീരുമാനിച്ചു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം ഡൽഹിയിലെ കോവിഡ് പ്രതിരോധ നടപടികൾക്കായി വിട്ടുനൽകും. ഡൽഹിയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ വീടുകൾ കയറിയിറങ്ങി പരിശോധന നടത്തും. കോവിഡ് പരിശോധന മൂന്നിരട്ടിയാക്കാൻ തീരുമാനിച്ചു. അടുത്ത ദിവസങ്ങളിൽ കോവിഡ് പരിശോധന രണ്ട് ഇരട്ടിയാക്കും. ആറ് ദിവസത്തിനുശേഷം പരിശോധന മൂന്നിരട്ടിയാക്കി വർധിക്കും. സ്വകാര്യ ആശുപത്രികളിൽ കുറഞ്ഞ ചെലവിൽ കോവിഡ് ചികിത്സ നടത്താനുള്ള ക്രമീകരണം കൊണ്ടുവരും.” ഉന്നതതലയോഗത്തിനു ശേഷം അമിത് ഷാ പറഞ്ഞു.

Read Also: സംസ്ഥാനം സമൂഹവ്യാപനത്തിന്റെ വക്കിലെന്ന് ആരോഗ്യമന്ത്രി

ഡൽഹിയിലെ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സുപ്രീം കോടതി ഇന്നലെ വിമർശനമുന്നയിച്ചത്. കോവിഡ് രോഗികളുടെ സ്ഥിതി മൃഗങ്ങളേക്കാൾ മോശവും പരിതാപകരവുമാണെന്ന് സുപ്രീം കോടതി പറഞ്ഞു. സംസ്ഥാനത്തെ സ്ഥിതി ഭയാനകമാണെന്നും രോഗികളുടെ എണ്ണം വർധിക്കുമ്പോൾ കോവിഡ് പരിശോധന കുറച്ചതു എന്തിനാണെന്നു കോടതി ചോദിച്ചു. കോവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് സുപ്രീം കോടതിയുടെ വിമർശനം. മാധ്യമവാർത്തകൾ ചൂണ്ടിക്കാണിച്ചാണ് ഡൽഹിയിലെ സ്ഥിതി സുപ്രീം കോടതി ചോദ്യം ചെയ്‌തത്.

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നുവരെ കണ്ടെടുക്കുന്ന സാഹചര്യം ആണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിയില്‍ മൃതദേഹങ്ങള്‍ ആശുപത്രികളുടെ ഇടനാഴികളിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഇട്ടിരിക്കുന്ന അവസ്ഥയാണ്. കോവിഡ് രോഗികളുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലുള്ള അനാദരവ് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഈ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് കോടതിയുടെ വിമർശനം.

Read Also: ബോളിവുത് താരം സുശാന്ത് സിങ് രജ്‌പുത് ആത്മഹത്യ ചെയ്തു

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കുന്നതിനു വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ്.കെ.കൗള്‍, എം.ആർ.ഷാ എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് കേസിൽ വാദം കേട്ടത്. കേന്ദ്രത്തോടും സംസ്ഥാന സർക്കാരിനോടും സുപ്രീം കോടതി വിശദീകരണം തേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook