ന്യൂഡൽഹി: പാകിസ്ഥാൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) പരിശീലിപ്പിച്ച ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് പേർ ഉൾപ്പെടെ ആറ് പേരെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. ഡൽഹി, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ വരുന്ന ഉത്സവ സീസണിൽ ആക്രമണത്തിന് പാക് ചാര സംഘടനയും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായികളും ചേർന്ന് പദ്ധതി തയ്യാറാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ജാൻ മുഹമ്മദ് ഷെയ്ഖ് (47), ഒസാമ എന്ന സാമി (22), മൂൽചന്ദ് എന്ന സാജു (47), സീഷാൻ ഖമർ (28), മൊഹമ്മദ് അബൂബക്കർ (23), മൊഹമ്മദ് അമീർ, ജാവേദ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് സ്പെഷ്യൽ സിപി (സ്പെഷ്യൽ സെൽ) നീരജ് ഠാക്കൂർ പറഞ്ഞു.
Read More: പ്രധാനമന്ത്രി അടുത്ത ആഴ്ച അമേരിക്കയിലേക്ക്; ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കും
ദാവൂദ് ഇബ്രാഹിമിന്റെ സഹോദരനായ അനീഷ് ഇബ്രാഹിമിനെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് ഐഇഡികളും (സ്പോടക വസ്തുക്കൾ) അത്യാധുനിക ആയുധങ്ങളും ഗ്രനേഡുകളും എത്തിക്കുന്നതിനായി ഐഎസ്ഐ നിയമിച്ചതായും ഠാക്കൂർ പറഞ്ഞു.
“പ്രതികളായ ഒസാമയും സീഷാനും ഈ വർഷം പാകിസ്ഥാനിൽ പരിശീലനം നേടിയെന്നും ഐഎസ്‌ഐയിൽ നിന്ന് നിർദ്ദേശങ്ങൾ നേടി. ഡൽഹിയിലും ഉത്തർപ്രദേശിലും ഐഇഡി സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ അവരോട് ആവശ്യപ്പെട്ടിരുന്നു,” ഠാക്കൂർ പറഞ്ഞു.