ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് നേരെ ഭീകരാക്രമണം. പിടിഐ ആണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരര്‍ ഹോട്ടലിലേക്ക് ഇരച്ച് കയറിയതായും അകത്ത് നിന്നും വെടിയൊച്ചകള്‍ കേട്ടതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തില്‍ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരന് കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബലൂചിസ്ഥാനിലെ ഗ്വാദാറിലുളള പഞ്ചനക്ഷത്ര ഹോട്ടലായ ‘പീല്‍ കോണ്ടിനെന്റല്’ ഹോട്ടലിലാണ് ഭീകരര്‍ ഇരച്ചുകയറിയത്. നാലോളം ഭീകരര്‍ ഹോട്ടലിനകത്ത് ആയുധങ്ങളുമായി കടന്നുകയറിയതായി പാക് ദിനപത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചാണ് പത്രത്തിന്റെ റിപ്പോര്‍ട്ട്.
ഹോട്ടലിലെ താമസക്കാരിൽ ഒട്ടേറെ പേരെ സുരക്ഷിതരായി പുറത്തെത്തിച്ചു. ഹോട്ടലിലെ ഒരു നിലയിലാണ് ഭീകരര്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം. സുരക്ഷാസേന ഹോട്ടൽ വളഞ്ഞിരിക്കുകയാണ്. വൈകിട്ട് 4.50ഓടെയാണ് ഭീകരര്‍ ഹോട്ടലില്‍ പ്രവേശിച്ചതായി വിവരം ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കൂടതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.