ന്യൂഡൽഹി: ജമ്മു കാശ്‌മീരിൽ പിതാവിനെ വെടിവച്ചിട്ട ശേഷം മകനുമായി വിഘടനവാദികൾ കടന്നു. ബന്ദിപോര ജില്ലയിൽ നിന്നാണ് ലഷ്‌കർ-ഇ-തോയ്‌ബ ഭീകരർ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ സമാന സംഭവമാണ് മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം നടന്നത്. ബന്ദിപോര ജില്ലയിലെ ഹജിൻ പ്രദേശത്ത് അബ്ദുൾ ഗാഫർ ബട്ടിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കടന്നായിരുന്നു വിഘടനവാദികൾ ആക്രമണം നടത്തിയത്. അബ്ദുൾ ഗാഫർ ബട്ടിനെയും മകൻ മൻസൂർ അഹമ്മദ് ഭട്ടിനെയും അക്രമികൾ തടവിലാക്കിയിരുന്നു.
എന്നാൽ ഭീകരരിൽ നിന്ന് അബ്ദുൾ ഗാഫർ ബട്ട് രക്ഷപ്പെട്ടു. ഇയാളെ അക്രമി സംഘം വെടിവയ്ക്കുകയും ചെയ്തു. ഒന്നിലധികം വെടിയുണ്ടകൾ ഇയാളുടെ ശരീരത്തിൽ പതിച്ചിട്ടുണ്ട്. മൻസൂറുമായി ഭീകരർ ഇവിടെ നിന്നും രക്ഷപ്പെട്ടു. ആക്രമണത്തിൽ കുടുംബാംഗങ്ങൾക്കും പരിക്കേറ്റതായാണ് വിവരം.
തിങ്കളാഴ്ച രാത്രി ഭീകരർ നാസർ അഹമ്മദ് എന്ന മുന്ദാസിറിനെ തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തിയിരുന്നു. മൻസൂറിനായി പൊലീസും സൈന്യവും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.