/indian-express-malayalam/media/media_files/uploads/2019/07/rahul-gandhi-RAHUL-GANDHI-12-SNS.jpg)
ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിളിച്ച ബിജെപി എംപി പ്രഗ്യാ സിങ്ങിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. ഭീകരവാദിയായ പ്രഗ്യ ഭീകരവാദിയായ ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിളിക്കുന്നു. ഇന്ത്യയുടെ പാർലമെന്റിന്റെ ചരിത്രത്തിലെ ദുഃഖകരമായ ദിവസമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
പ്രഗ്യയുടെ വിവാദ പരാമർശത്തിൽ ചർച്ച വേണമെന്ന കോൺഗ്രസിന്റെ ആവശ്യത്തെ സ്പീക്കർ ഓം ബിർല നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയിരുന്നു. ഇതിനുപിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.
Read Also: വിവാദ പരാമർശത്തിൽ പ്രഗ്യാ സിങ്ങിനെതിരെ നടപടി; പ്രതിരോധ സമിതിയിൽ നിന്ന് പുറത്താക്കി
അതേസമയം, നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിശേഷിപ്പിക്കുന്ന ഏതൊരു തത്വചിന്തയെയും ബിജെപി അപലപിക്കുന്നുവെന്ന് പ്രഗ്യയുടെ പേര് പരാമർശിക്കാതെ രാജ്നാഥ് സിങ് പറഞ്ഞു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുൻപായി പ്രഗ്യയുടെ പരാമർശത്തിൽ ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ അപലപിക്കുകയും, പാർലമെന്റ് പ്രതിരോധ സമിതിയിൽനിന്ന് പ്രഗ്യയെ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ശീതകാല സമ്മേളനത്തിലെ ബിജെപിയുടെ പാർലമെന്ററി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുന്നതിൽനിന്നും പ്രഗ്യയെ വിലക്കിയതായും അദ്ദേഹം അറിയിച്ചു.
അതിനിടെ, 1940 ൽ പഞ്ചാബിലെ മുൻ ലഫ്റ്റനന്റ് ഗവർണറെ വധിച്ച വിപ്ലവ നേതാവായ ഉദ്ദം സിങ്ങിനെ ന്യായീകരിച്ചുകൊണ്ടാണ് താൻ പ്രസ്താവന നടത്തിയതെന്നും, അല്ലാതെ നാഥുറാം ഗോഡ്‌സെയെ അല്ലെന്നും പ്രഗ്യാ സിങ് അവകാശപ്പെട്ടു.
ബുധനാഴ്ച ലോക്‌സഭയിൽ നടന്ന ചർച്ചയ്ക്കിടയിലാണ് നാഥുറാം വിനായക് ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്ന നിലപാട് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ ആവർത്തിച്ചത്. എസ്‌പിജി സുരക്ഷ ഭേഗഗതി ബിൽ സംബന്ധിച്ച് സഭയിൽ നടന്ന ചർച്ചയിൽ, എന്തുകൊണ്ട് മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയെന്ന ഗോഡ്സെയുടെ പ്രസ്താവന ഡിഎംകെ നേതാവ് എ.രാജ ആവർത്തിച്ചപ്പോൾ പ്രകോപിതയായ പ്രഗ്യാ സിങ് ഗോഡ്സെയെ പ്രകീർത്തിച്ചുകൊണ്ടുളള പരാമർശം നടത്തുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തും ഗോഡ്സെയെ രാജ്യസ്നേഹിയെന്ന് പ്രഗ്യ വിശേഷിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.