ന്യൂഡൽഹി: ജമ്മു കഷ്മീരിൽ ഈ വർഷം 203 ഭീകരരെ സൈന്യം കൊലപ്പെടുത്തിയതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മരണനിരക്കാണിത്. ഭീകരവാദവുമായി ബന്ധപ്പെട്ട കലാപത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണവും ഉയര്‍ന്ന നിരക്കിലാണ്.
203 ഭീകരരാണ് ഈ വർഷം ഇതുവരെ കാഷ്മീരിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഇത് 150 ആയിരുന്നു. 2015ൽ 108, 2014ൽ 110 എന്നിങ്ങനെയായിരുന്നു കൊല്ലപ്പെട്ട ഭീകരരുടെ കണക്ക്. അതേസമയം, ഭീകര പ്രവർത്തനവുമായി ബന്ധപ്പെട്ട ആക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലും 37 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് ഗംഗാറാം ആഹിർ പാർലമെന്റിനെ അറിയിച്ചു. 2016ൽ ഇത് പതിനഞ്ചും 2015ൽ പതിനേഴുമായിരുന്നു. 2017 ഡിസംബര്‍ 10 വരെയുളള കണക്ക്പ്രകാരമാണിത്.
ജമ്മു കഷ്മീരിൽ ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. 2016ല്‍ 322 ഭീകരസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഈ വർഷം അത് 335 ആയി ഉയർന്നതായും മന്ത്രി പാർലമെന്റിനെ അറിയിച്ചു. 2015ല്‍ 208, 2014ല്‍ 222 എന്നിങ്ങനെയാണ് കണക്ക്. കൂടാതെ, 75 സുരക്ഷാ ഉദ്യോഗസ്ഥരും ഈ വർഷം ജമ്മു കാഷ്മീരിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നു കേന്ദ്രം വ്യക്തമാക്കി. 2016ല്‍ 82 ഉദ്യോഗസ്ഥരാണ് മരിച്ചത്. 2015ല്‍ 39, 2014ല്‍ 47 എന്നിങ്ങനെയാണ് കണക്കുകള്‍.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook