ന്യൂഡല്‍ഹി: തൊഴിലില്ലായ്മയെക്കാളും രാഷ്ട്രീയ അഴിമതിയെക്കാളും ഇന്ത്യന്‍ ജനതയെ ആശങ്കപ്പെടുത്തുന്നത് ഭീകരവാദമാണെന്ന് ഗ്ലോബല്‍ സര്‍വ്വേ ഫൗണ്ടേഷന്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കശ്മീരിലെ പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം തങ്ങള്‍ ഭീകരവാദത്തെ ഏറെ ഭയപ്പെടുന്നു എന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 45 ശതമാനം ആളുകളും പ്രതികരിച്ചത്.
‘ദി ഇപ്‌സോസ്’ നടത്തിയ സര്‍വ്വേയിലാണ് ഇത്തരത്തിലുള്ള പ്രതികരണം വന്നത്. പകുതിയോളം ആളുകള്‍ ഭീകരവാദത്തെ ഭയക്കുന്നു എന്നു പറഞ്ഞപ്പോള്‍ 44 ശതമാനം പേരെ ആശങ്കപ്പെടുത്തുന്നത് തൊഴിലില്ലായ്മ, 42 ശതമാനത്തിന്റെ ആശങ്ക രാഷ്ട്രീയ അഴിമതി എന്നിവയാണ്. 33 ശതമാനം ആളുകളാണ് കുറ്റകൃത്യങ്ങളും അതിക്രമങ്ങളും തങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന് പറഞ്ഞത്. 29 ശതമാനം പ്രതികരിച്ചത് ദാരിദ്ര്യത്തോടും സാമൂഹിക അസമത്വത്തോടുമായിരുന്നു.
എന്നാല്‍ ഇതിനു വിരുദ്ധമായി സര്‍വ്വേ പ്രകാരം ഭീകരവാദം ആഗോള തലത്തിലെ പ്രധാന അഞ്ചു പ്രശ്‌നങ്ങളില്‍ പോലും സ്ഥാനം പിടിക്കുന്നില്ല. ലോക ജനസംഖ്യയുടെ 34 ശതമാനം ആളുകളും ആശങ്കപ്പെടുന്നത് രാഷ്ട്രീയ അഴിമതിയെപ്പറ്റിയും സാമൂഹിക അസമത്വത്തെ പറ്റിയുമാണ്. തൊഴിലില്ലായ്മ(33 ശതമാനം), കുറ്റകൃത്യവും അക്രമവും(31 ശതമാനം), ആരോഗ്യം(24) ശതമാനം എന്നിങ്ങനെയാണ് സര്‍വ്വേ ഫലം. എന്നാല്‍ ഇന്ത്യയില്‍ ആരോഗ്യം ഒരു പ്രശ്‌നമേ ആയി കണക്കാക്കുന്നില്ല.
എന്നാല്‍ ഇന്ത്യയുടെ ഭാവിയെ കുറിച്ച് സര്‍വ്വേയില്‍ പങ്കെടുത്ത 73 ശതമാനം ആളുകളും പ്രതീക്ഷയോടെയാണ് പ്രതികരിച്ചത്. രാജ്യത്തിന്റെ പോക്ക് ശരിയായ ഗതിയില്‍ ആണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. അതേസമയം ആഗോള തലത്തില്‍ നടത്തിയ സര്‍വ്വേയില്‍ 54 ശതമാനം ആളുകളും തങ്ങളുടെ രാജ്യത്തിന്റെ പോക്ക് ശരിയായ ദിശയില്‍ അല്ലെന്നാണ് പ്രതികരിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്ത 28 രാജ്യങ്ങളില്‍ 22ഉം സ്വന്തം രാജ്യത്തിന്റെ ഭാവിയില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരാണ്.
രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങളിലും പുരോഗതിയിലും ഏറ്റവും കൂടുതല്‍ പ്രതീക്ഷ പുലര്‍ത്തുന്നത് ചൈനയാണ്. 94 ശതമാനം ആളുകളാണ് പോസിറ്റീവായി പ്രതികരിച്ചത്. സൗദി അറേബ്യയിലെ 84 ശതമാനവും ഇന്ത്യയിലെ 73 ശതമാനവും മലേഷ്യയിലെ 57 ശതമാനവും രാജ്യം ശരിയായ ദിശയില്‍ സഞ്ചരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ്.
Read More: Terrorism, unemployment, corruption: Survey reveals what worries India most