ന്യൂഡല്‍ഹി: തീവ്രവാദബന്ധം ആരോപിച്ച് രാജ്യത്തുടനീളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രവര്‍ത്തകര്‍ക്കെതിരെ 1,300-ലധികം കേസുകള്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ റജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് സംഘടനയെ ആഭ്യന്തര മന്ത്രാലയം നിരോധിക്കേണ്ടതായി വന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം യുഎപിഎ, ഇന്ത്യൻ ശിക്ഷാ നിയമം, ആയുധ നിയമം എന്നിവയുടെ വകുപ്പുകൾ പ്രകാരമാണ് പിഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്.
പിഎഫ്ഐ പ്രവര്‍ത്തകരില്‍നിന്ന് വര്‍ഷങ്ങളായി പിടിച്ചെടുത്തവയില്‍, ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ബോംബ് എങ്ങനെ നിര്‍മ്മിക്കാം, മിഷന്‍ 2047-മായി (ഇന്ത്യയെ മുസ്ലിം രാജ്യമാക്കി മാറ്റാനുള്ള പദ്ധതി) ബന്ധപ്പെട്ട സിഡിയും ബ്രോഷറും, മറൈന്‍ റേഡിയോ സെറ്റുകള്‍, പെന്‍ ഡ്രൈവുകള്‍, ഐസുമായി ബന്ധപ്പെട്ട വീഡിയോകള്‍, ആയുധങ്ങള്‍, കായിക പരിശീലന പുസ്തകങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
പിഎഫ്ഐക്കും അനുബന്ധ സംഘടനകള്‍ക്കും 17 സംസ്ഥാനങ്ങളില്‍ വേരോട്ടമുണ്ട്. പ്രവര്‍ത്തകരോട് വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള സമാധാനവും സൗഹാർദവും തകര്‍ക്കുന്നതിനായുള്ള നടപടികൾ കൈക്കൊള്ളാൻ മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രാലയത്തിന്റെ രേഖയില്‍ ആരോപിക്കുന്നു.
ചില പിഎഫ്ഐ പ്രവര്‍ത്തകര്‍, പ്രത്യേകിച്ചും കേരളത്തില്‍ നിന്നുമുള്ളവര്‍, ഇസ്ലാമിക് സ്റ്റേറ്റിനൊപ്പം (ഐഎസ്) ചേര്‍ന്ന് സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചിലര്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017-ല്‍ ആറ് പിഎഫ്ഐ പ്രവര്‍ത്തകര്‍ സിറിയയിലുള്ള ഐഎസ് ഗ്രൂപ്പിനൊപ്പം ചേര്‍ന്നതായി കേരള പൊലീസ് ആരോപിച്ചിരുന്നു. അബ്ദുൾ ഗയ്യൂം, അബ്ദുൾ മനാഫ്, ഷബീർ, സുഹൈൽ, വേവ് റസൂന, സഫ്വാൻ എന്നിവരാണിത്. ഇവരില്‍ മനാഫും ഷമീറും സിറിയയില്‍ വച്ച് കൊല്ലപ്പെട്ടതായും വിവരമുണ്ട്.
അതേ വര്‍ഷം തന്നെ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നുള്ള എട്ട് പേര്‍ക്കെതിരെ എന്‍ഐഎ നടപടിയെടുത്തിരുന്നു. അതില്‍ ഒരാള്‍ തേജസിലെ ഗ്രാഫിക് ഡിസൈനറായ പി സഫ്വാനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പിഎഫ്ഐക്ക് ഐഎസുമായും ജമാത്ത്-ഉൽ-മുജാഹിദ്ദീൻ ബംഗ്ലാദേശ് (ജെഎംബി)മായും ബന്ധങ്ങളുണ്ടെന്നും പരാമർശിക്കുന്നുണ്ട്. പിഎഫ്‌ഐക്കും നേതാക്കൾക്കുമെതിരെ 19 കേസുകളാണ് എൻഐഎ ഇപ്പോൾ അന്വേഷിക്കുന്നത്.