ന്യൂഡല്‍ഹി: ഭീകര ശക്തികള്‍ കുറച്ചുകാലം ശക്തരായിരിക്കും, എന്നാല്‍ അവരുടെ നിലനിൽപ്പ് ശാശ്വതമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുപാട് തവണ പൊളിച്ചുമാറ്റിയിട്ടും പരീക്ഷണങ്ങളെ നേരിട്ട സോമനാഥ ക്ഷേത്രത്തിന്റെ ചരിത്രം ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. സോമനാഥില്‍ ആരംഭിക്കാനിരിക്കുന്ന വിവിധ പദ്ധതികള്‍ വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഭീകര പ്രവര്‍ത്തനത്തിലൂടെ സാമ്രാജ്യങ്ങൾ സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രം പിന്തുടരുന്നവർക്ക് കുറച്ചുകാലം ആധിപത്യം പുലർത്താൻ കഴിയും, എന്നാൽ മനുഷ്യരാശിയെ എന്നെന്നേക്കുമായി അടിച്ചമർത്താൻ കഴിയാത്തതിനാൽ അവരുടെ നിലനിൽപ്പ് ശാശ്വതമല്ല,” അദ്ദേഹം പറഞ്ഞു. താലിബാന്‍ സൈന്യം അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുക്കുകയും ആയിരങ്ങളുടെ ജീവിതം ചോദ്യചിഹ്നമായി മാറിയതിനും പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പരാമര്‍ശം.
പുരാതനമായ ആരാധനാലയങ്ങള്‍ വഴിയുള്ള ടൂറിസത്തെ പ്രോത്സാഹിപ്പിക്കണമെന്നും മോദി അഭിപ്രായപ്പെട്ടു. “നിരവധി യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കും. നമ്മുടെ ഭൂതകാലത്തെപ്പറ്റി അവര്‍ക്ക് അറിവ് നേടാന്‍ കഴിയും. ഭീകരതകൊണ്ട് വിശ്വാസത്തെ ഇല്ലാതാക്കാന്‍ കഴിയില്ല. ഭൂതകാലത്ത് നിന്ന് നാം പഠിക്കണം,” പ്രധാനമന്ത്രി കൂട്ടിച്ചര്‍ത്തു.
Also Read: അഫ്ഗാന്‍ വിട്ടത് രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍; ന്യായീകരിച്ച് അഷ്റഫ് ഗനി