ന്യൂഡൽഹി: പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനു മുൻപും ശേഷവും പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരവാദികൾ മണിക്കൂറുകൾക്കുള്ളിൽ 350 ഓളം വോയ്സ് മെസ്സേജുകൾ പരസ്പരം കൈമാറിയെന്ന് എൻഐഎ റിപ്പോർട്ട്. ബാലാക്കോട്ട് വ്യോമാക്രണത്തിന് ശേഷം ധനസഹായത്തെക്കുറിച്ചും യുദ്ധ വിമാനങ്ങളുടെ നീക്കങ്ങളെക്കുറിച്ചും പുല്വാമ ആക്രമണ വീഡിയോ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചുമുള്ള നിർദേശങ്ങൾ ഇവർ പരസ്പരം പങ്കുവച്ചതായി എഎൻഐഎ റിപ്പോർട്ടിൽ പറയുന്നു. 2019 ഫെബ്രുവരി 14നാണ് പുൽവാമയിൽ ഭീകരാക്രമണം നടന്നത്.
ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചൊവ്വാഴ്ച സമർപ്പിച്ച 13,500 പേജുള്ള കുറ്റപത്രത്തിൽ തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദിനും പാകിസ്ഥാനിലെ ഈ സംഘടനയുടെ മേലധികാരികൾക്കുമെതിരെ കേസെടുക്കുന്നതിനായി ഈ ചാറ്റുകളുടെ പകർപ്പുകളും വിശദാംശങ്ങളും ഉണ്ട്.
Read More: സ്വർണക്കടത്ത്: അനിൽ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു
ഈ ചാറ്റുകളിലൊന്നിൽ, ജെയ്ഷ് മേധാവി മൗലാന മസൂദ് അസ്ഹറിന്റെ അനന്തരവൻ മുഹമ്മദ് ഉമർ ഫാറൂഖ്, ആക്രമണത്തിന് ധനസഹായം നൽകാൻ പാക്കിസ്ഥാനിലെ ഒരു ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന് റൂഫ് അസ്ഗറിനോടും അസ്ഹറിന്റെ സഹോദരന്മാരായ അമ്മർ ആൽവിയോടും ആവശ്യപ്പെടുന്നു.
ഉമർ ഫാറൂഖിന്റെ പേരീൽ അലൈഡ് ബാങ്കിലും മീസാൻ ബാങ്ക് ഓഫ് പാകിസ്ഥാനിലുമുള്ള രണ്ട് അക്കൗണ്ടുകളിൽ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. പുൽവാമ ആക്രമണത്തിന് ധനസഹായം നൽകുന്നതിനായി അനധികൃത സാമ്പത്തിക ശൃംഖലകളിലൂടെ ഈ പണം പിന്നീട് കശ്മീരിലേക്ക് കൊണ്ടുവന്നു.
ഈ ഫണ്ടിൽ നിന്ന് 5.7 ലക്ഷം രൂപ രണ്ട് സ്ഫോടകവസ്തുക്കൾ തയ്യാറാക്കാൻ ചെലവഴിക്കുകയും പിന്നീട് മാരുതി ഇക്കോ വാഹനത്തിൽ ഘടിപ്പിക്കുകയുംചെയ്തു. പുൽവാമ സ്വദേശിയായ ആദിൽ അഹമ്മദ് ദാറാണ് 2019 ഫെബ്രുവരി 14ന് ഈ വാഹനം ഓടിച്ച് ജമ്മു-ശ്രീനഗർ ഹൈവേയിലെ സിആർപിഎഫ് കോൺവോയിക്ക് സമീപം എത്തുകയും ചാവേറാകുകയും ചെയ്തത്. ആക്രമണത്തിൽ 40 സിആർപിഎഫ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.
സ്ഫോടക വസ്തുക്കൾ തയ്യാറാക്കാൻ ആവശ്യമായ ഓരോ ഘടകങ്ങളുടെയും വിലയെയും ആക്രമണം നടത്താൻ ചെലവഴിച്ച പണത്തെയും കുറിച്ചുള്ള ചർച്ചകളുടെ ചാറ്റും എൻഐഎ വെളിപ്പെടുത്തുന്നു. ഉറുദുവിൽ ഉള്ള ചാറ്റിൽ, ഐഇഡിയുടെ വില 5,70,000 രൂപ ആയി കണക്കാക്കുന്നു.
മറ്റൊരു ശബ്ദ സന്ദേശത്തിൽ, ബാലകോട്ട് വ്യോമാക്രമണത്തെ തുടർന്ന് കശ്മീരിലെ ഇന്ത്യൻ യുദ്ധവിമാനങ്ങളുടെ ചലനത്തെക്കുറിച്ച് റൂഫ് അസ്ഗർ ഉമർ ഫാറൂഖിനോട് ചോദിക്കുന്നത് കേൾക്കാം. 2019 ഫെബ്രുവരി 26 നാണ് പാകിസ്ഥാനിലെ ബാലക്കോട്ടിലെ ഒരു ജയ്ഷ് താവളത്തെ ലക്ഷ്യമാക്കി ഇന്ത്യ വ്യോമാക്രമണം നടത്തിയത്.
പുൽവാമ ആക്രമണം പ്രചാരണത്തിനായി ഉപയോഗിക്കാൻ ജയ്ഷ് പദ്ധതിയിട്ടിരുന്നു. ഒരു ശബ്ദ സന്ദേശത്തിൽ, ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കാണിക്കുന്ന ഒരു വീഡിയോയെക്കുറിച്ചും കശ്മീരി യുവാക്കളെ സ്വാധീനിക്കാൻ ഇത് എങ്ങനെ ഉപയോഗിക്കണമെന്നതിനെ കുറിച്ചും റൂഫ് അസ്ഗറും ഉമർ ഫാറൂഖും ചർച്ച ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു.
Read More in English: Terror chats before, after Pulwama: Money in Pakistan bank accounts, IAF movement