മുംബൈ: തീവ്ര ഹിന്ദു സംഘടനകളുമായി ബന്ധമുള്ള മൂന്നുപേരെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച നല്ലസോപര, സത്താര എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡിനിടയിലായിരുന്നു അറസ്റ്റ്. ഇവരുടെ പക്കല്‍ നിന്ന് വെടിക്കോപ്പുകള്‍, ക്രൂഡ് ബോംബുകള്‍, ജലാറ്റിന്‍ സ്റ്റിക്ക് എന്നിവയും കണ്ടെത്തി. രാജ്യത്തെ പലയിടത്തും ഭീകരപ്രവര്‍ത്തനം ആസൂത്രണം ചെയ്തവരാണ് അറസ്റ്റിലായത് എന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന അറിയിച്ചു.

അറസ്റ്റിലായ വൈഭവ് റൗത്ത് (40) ഹിന്ദു ഗോവനാഷ് രക്ഷാ സമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകനാണ്. ഇയാള്‍ക്ക് സനാതന്‍ സന്‍സ്‌തയുമായും ബന്ധമുണ്ട്. യുക്തിവാദികളായ നരേന്ദ്ര ഡാബോല്‍കര്‍, ഗോവിന്ദ് പന്‍സാരെ, എംഎം കല്‍ബുര്‍ഗി, മാധ്യമാപ്രവർത്തക ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായി ആരോപിക്കപ്പെടുന്ന സംഘടനയാണ് സനാതന്‍ സന്‍സ്‌ത.

ശ്രീ ശിവപ്രതിഷ്ട്ടാതന്‍ ഹിന്ദുസ്ഥാന്‍ എന്ന സംഘടനയില്‍ അംഗമായ സുധാന്‍വ ഗോന്ധലേകര്‍ ആണ് അറസ്റ്റിലായ മറ്റൊരാള്‍. സംഭാജി ഭിഡെ എന്നയാളാണ് ഈ സംഘടനയുടെ നേതാവ്. ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ നടന്ന അക്രമങ്ങളുടെ പേരില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള ആളാണ്‌ ഭിഡെ. മൂന്നാമന്‍ ഷരദ് കസാല്‍കറിനെ അറസ്റ്റ് ചെയ്യുന്നത് റൗത്തിന്റെ നല്ലസൊപരയിലുള്ള വസതിയില്‍ വച്ചാണ്.

ഇവര്‍ക്ക് സ്ഫോടന വസ്തുക്കള്‍ ഉണ്ടാക്കാനുള്ള അറിവും പരിശീലനവും ലഭിച്ചിട്ടുണ്ട് എന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന ദ് ഇന്ത്യന്‍ എക്‌‌സ്‌പ്രസിനോട്‌ പറഞ്ഞു. ഇരുപത് ക്രൂഡ് ബോംബുകള്‍ രണ്ട് ജലാറ്റിന്‍ സ്റ്റിക്ക്, ഒരു ആറ് വോള്‍ട്ട് ബാറ്ററി, വയറുകള്‍, ട്രാന്‍സിസ്റ്റര്‍, ബോംബ് നിര്‍മിക്കുന്നത് എങ്ങനെയെന്നുള്ള കുറിപ്പും ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

“മൂന്ന് യുക്തിവാദികളുടെയും മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്കും അന്വേഷിച്ചുവരുന്നുണ്ട്. ” അവര്‍ക്ക് സനാതന്‍ സന്‍സ്‌തയുമായി ബന്ധമുണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.” കേസ് അന്വേഷിക്കുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ദ് ഇന്ത്യന്‍ എക്‌‌സ്‌പ്രസിനോട്‌ പറഞ്ഞു.

അറസ്റ്റിലായ റൗത്ത് പശു സംരക്ഷന്‍ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. ഇയാള്‍ കുറച്ചധികം കാലമായി പൊലീസ് നിരീക്ഷണത്തിലാണെന്ന് എസ്‌പി പല്‍ഘര്‍ മഞ്ജുനാഥ് സിങ്കെ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook