ന്യൂഡല്‍ഹി: കേരളത്തിലടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന സന്ദേശം വ്യാജമെന്ന് പൊലീസ്. വ്യാജ സന്ദേശം അയച്ച ആളെ ബെംഗളൂരു പൊലീസ് പിടികൂടി. ബെംഗളൂരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂര്‍ത്തിയെയാണ് പൊലീസ് പിടികൂടിയത്. ഇയാളാണ് വ്യാജ സന്ദേശം അയച്ചതെന്ന് പൊലീസ് പറയുന്നത്. വിരമിച്ച സൈനികനായ ഇയാള്‍ ഇപ്പോള്‍ ലോറി ഡ്രൈവറാണ്.

പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് വ്യാജ സന്ദേശം നല്‍കിയ സ്വാമി സുന്ദര്‍മൂര്‍ത്തിയെ കര്‍ണാടക സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഹൊസൂറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്ന വഴിയാണ് സുന്ദര്‍മൂര്‍ത്തി ഫോണ്‍ വിളിച്ചത്. ധ്യാന സമയത്ത് ലഭിച്ച വെളിപാട് മൂലമാണ് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് പൊലീസിനെ ഫോണ്‍ വിളിച്ച് അറിയിച്ചതെന്ന് സുന്ദരമൂര്‍ത്തി പിടിയിലായ ശേഷം പ്രതികരിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന സന്ദേശം ഇന്നലെ രാത്രിയോടെയാണ് ബെംഗളൂരു പൊലീസിന് ലഭിച്ചത്. ഇതേ തുടര്‍ന്ന് സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ ലക്ഷ്യമിട്ട് അന്വേഷണം ആരംഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് സന്ദേശം ലഭിച്ചതെന്ന് കേരളത്തിനയച്ച ഫാക്‌സ് സന്ദേശത്തില്‍ ബെംഗളൂരു പൊലീസ് പറയുന്നു.

ഭീകരാക്രമണത്തിനായി 19 ഭീകരര്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് എത്തിയതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണ ഭീഷണിയുള്ളതായി സന്ദേശത്തിലുണ്ടായിരുന്നത്. നഗരങ്ങളില്‍ ട്രെയിനുകള്‍ ലക്ഷ്യം വച്ചായിരിക്കും ആക്രമണം നടക്കുക എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. കര്‍ണാടക പൊലീസ് മേധാവി മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതോടെയാണ് സംസ്ഥാനത്ത് പരിശോധന ആരംഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook